കോടതിയലക്ഷ്യക്കേസ്: രാഹുല്‍ മാപ്പുപറഞ്ഞു; എഴുതി നല്‍കണമെന്ന് സുപ്രിംകോടതി
റഫേല്‍ കേസില്‍ സുപ്രിംകോടതിയും 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന് കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി അദ്ദേഹത്തിനായി നിരുപാധികം മാപ്പുപറഞ്ഞെങ്കിലും കോടതി അംഗീകരിക്കാതിരുന്നതാണ് രാഹുലിന് തിരിച്ചടിയായത്. 'ചൗകീദാര്‍ ചോര്‍ ഹേ' എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്റെ വാദവും സുപ്രിംകോടതി തള്ളി.
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി. റഫേല്‍ കേസില്‍ സുപ്രിംകോടതിയും 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന് കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി അദ്ദേഹത്തിനായി നിരുപാധികം മാപ്പുപറഞ്ഞെങ്കിലും കോടതി അംഗീകരിക്കാതിരുന്നതാണ് രാഹുലിന് തിരിച്ചടിയായത്. 'ചൗകീദാര്‍ ചോര്‍ ഹേ' എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്റെ വാദവും സുപ്രിംകോടതി തള്ളി. നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാങ്മൂലം എഴുതി നല്‍കണമെന്ന് മനു അഭിഷേക് സിങ്‌വിയോട് ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച്, അതിനുശേഷം നടപടികള്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കി.
നേരത്തേ സുപ്രിംകോടതിയില്‍ രാഹുല്‍ നല്‍കിയ സത്യവാങ്മൂലം ഖേദപ്രകടനം മാത്രമാണെന്നും അത് മാപ്പുപറച്ചിലല്ലെന്നും ബിജെപി നേതാവ് മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ അഭിഭാഷക രുചി കോഹ്‌ലി വാദിച്ചു. 'കോടതി അലക്ഷ്യം നടത്തിയ ആ ആള്‍' എന്ന് പറഞ്ഞ് മീനാക്ഷി ലേഖിയുടെ അഭിഭാഷക വാദം തുടങ്ങിയപ്പോള്‍ ചീഫ് ജസ്റ്റിസ് 'ആരാണ് ആ ആള്‍' എന്ന് ചോദിച്ചു. അതിന് 'മിസ്റ്റര്‍ ഗാന്ധി' എന്ന് അഭിഭാഷക മറുപടി നല്‍കി. 'ഏത് ഗാന്ധി' എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 'രാഹുല്‍ ഗാന്ധി' എന്ന് അഭിഭാഷക മറുപടി നല്‍കി. 'അങ്ങനെ വ്യക്തമായി പറയൂ, രാജ്യത്തെ എല്ലാ ഗാന്ധിമാരും രാഹുല്‍ ഗാന്ധിയല്ല' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
സുപ്രിംകോടതി വിധി വായിക്കാതെയാണ് രാഹുല്‍ ഗാന്ധി 'ചൗകിദാര്‍ ചോര്‍ ഹേ' എന്ന പ്രസ്താവന നടത്തിയതെന്ന വാദം ശരിയല്ലെന്ന് ലേഖിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. റഫേല്‍ കേസില്‍ ചില രേഖകള്‍ പരിഗണിക്കാമെന്ന വിധി പുറപ്പെടുവിച്ച ദിവസം ഒന്നിലധികം ഇടങ്ങളില്‍ രാഹുല്‍ ഈ പ്രസ്താവന ആവര്‍ത്തിച്ചു. ഇത് ബോധപൂര്‍വമാണെന്നും കോഹ്‌ലി വാദിച്ചു. നിങ്ങള്‍ തെറ്റായ പ്രസ്താവന നടത്തി അതിനെ ന്യായീകരിക്കുകയാണോ എന്നായിരുന്നു സിങ്‌വിയോട് കോടതിയുടെ ചോദ്യം. രാഹുലിന്റെ പ്രസ്താവന തെറ്റായാണ് ഹരജിക്കാര്‍ കോടതിക്ക് മുമ്പാകെ അവതരിപ്പിച്ചതെന്ന് സിങ്‌വി മറുപടി നല്‍കി.
രാഹുല്‍ കോടതിയെത്തന്നെ അപമാനിക്കുകയാണെന്നും നിരുപാധികം മാപ്പുപറഞ്ഞേ തീരൂവെന്നും മീനാക്ഷി ലേഖിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും ആവശ്യപ്പെട്ടു. ഇതോടെ ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് സിങ്‌വിയോട് കോടതി ചോദിച്ചു. നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു സിങ്‌വിയുടെ മറുപടി. എന്നാല്‍, മാപ്പുപറയണമെന്ന നിലപാടില്‍ റോത്തഗി ഉറച്ചുനിന്നു. ഒടുവില്‍ നിരുപാധികം മാപ്പുപറയുന്നുവെന്ന് സിങ്‌വി കോടതിയെ അറിയിക്കുകയായിരുന്നു.