ആലുവയില്‍ കുട്ടികള്‍ ഓടിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; മരിച്ചത് ചായ കുടിക്കാനെത്തിയ ലോറി ഡ്രൈവര്‍
കളമശ്ശേരി റെയില്‍വെ ഗുഡ് ഷെഡില്‍ ലോറി ഡ്രൈവര്‍ ആയ ആലുവ നൊച്ചിമ സ്വദേശി പി എ ബക്കര്‍ (62) ആണ് മരിച്ചത്.
കൊച്ചി: ആലുവ മുട്ടം തൈക്കാവിന് സമീപം കുട്ടികള്‍ ഓടിച്ച കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചത് കടയില്‍ ചായ കുടിക്കാനെത്തിയ ലോറി ഡ്രൈവര്‍. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. കളമശ്ശേരി റെയില്‍വെ ഗുഡ് ഷെഡില്‍ ലോറി ഡ്രൈവര്‍ ആയ ആലുവ നൊച്ചിമ സ്വദേശി പി എ ബക്കര്‍ (62) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.50നായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറെകൂടാതെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ലൈസന്‍സുണ്ടായിരുന്നത്. ലൈസന്‍സില്ലാത്തയാളാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് സംശയിക്കുന്നത്. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു.
കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഇവര്‍ ഞായറാഴ്ച്ച അവധി ദിനത്തില്‍ വാടകക്കെടുത്ത കാറില്‍ കറങ്ങാനിറങ്ങിയതായിരുന്നു. ആലുവ പോലിസ് കേസെടുത്തിട്ടുണ്ട്.
ആലുവ ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം തെറ്റി റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചു കയറിയത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് ചായ കുടിക്കാന്‍ കടയില്‍ കയറിയത്. പരിക്കേറ്റവരെയെല്ലാം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബക്കറിനെ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഖബറടക്കം നടത്തി. ഭാര്യ: അസൂറ. മക്കള്‍: ഷിജു, ഷിബു പള്ളിക്കുടി (എടത്തല പഞ്ചായത്തംഗം), ഷിബിന. മരുമക്കള്‍: ഷെഫീന, സനിയ, അബ്ദുല്‍ കലാം.