2070നുള്ളില്‍ കാര്‍ബണ്‍ പുറത്തുവിടുന്നത് പൂര്‍ണമായി ഇല്ലാതാക്കും: പ്രധാനമന്ത്രി
ആദ്യമായാണ് കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതിന് നിശ്ചിത സമയക്രമം ഇന്ത്യ പ്രഖ്യാപിക്കുന്നത്
ഗ്ലാസ്‌ഗോ: 2070 ആകുമ്പോഴേക്കും ഇന്ത്യ കാര്‍ബണ്‍ പുറത്തുവിടല്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്ടിഷ് നഗരമായ ഗ്രാസ്‌ഗോയില്‍ നടക്കുന്ന കോപ്പ് 26 ആഗോള കാലാവസ്ഥ ഉച്ചകോടിയിലാണ് സുപ്രധാന പ്രഖ്യാപനം നടത്തിിരിക്കുന്നത്. വികസിത രാജ്യങ്ങള്‍ ആഗോളതാപനത്തെ തടുക്കാന്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ആദ്യമായാണ് കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതിന് നിശ്ചിത സമയക്രമം ഇന്ത്യ പ്രഖ്യാപിക്കുന്നത്. 2070 ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം സന്തുലിതമാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിലേക്ക് എത്താന്‍ ആവിഷ്‌കരിച്ച പദ്ധതികളും വിശദീകരിച്ചു. 2030നകം ഇന്ത്യയില്‍ 50% പുനരുപയോഗ ഊര്‍ജം ലഭ്യമാക്കുകയാണു രാജ്യത്തിന്റെ ലക്ഷ്യമെന്ന് പ്രധാന മന്ത്രി കൂട്ടിചേര്‍ത്തു. കാര്‍ബണ്‍ പുറന്തള്ളല്‍ 2030 ആവുമ്പോഴേക്കും ഒരു ബില്ല്യന്‍ ടണ്ണായി കുറയ്ക്കും.
കല്‍ക്കരി ഇന്ധനമായ ഊര്‍ജ ഉല്‍പാദനത്തിനുള്ള ധനസഹായം 45 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ സാരമായി ബാധിച്ചു. കൃഷിരീതികളിലും അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്താനാണ് ശ്രമിക്കുന്നത്. കാലാവസ്ഥായുമായി ഇണങ്ങി ജീവിക്കാനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അതിനു പകരം കാര്‍ബണ്‍ പുറന്തള്ളല്‍ അതിവേഗം കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് വികസ്വര രാജ്യങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും മോദി പറഞ്ഞു. പട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗം മൂലമാണ് ഏറവുമധികം കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നത്. ഇത് കടുത്ത പാരിസ്ഥിതക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക കാലാവസ്ഥ ഉച്ചകോടി നടക്കുന്നത്.