യുപി മുഖ്യമന്ത്രിക്കെതിരേ ട്വീറ്റ്; ആം ആദ്മി എംഎല്‍എയ്‌ക്കെതിരേ കേസ്

Update: 2020-03-29 12:11 GMT

നോയ് ഡ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയതിനു ആം ആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ചദ്ദയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികാരം. അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയത്. കൊവിഡ് 19 ലോക്ക്ഡൗണിനിടയില്‍ ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മര്‍ദ്ദിക്കുകയാണെന്നും മടങ്ങിവരാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും രാഘവ് ചദ്ദ ട്വിറ്ററില്‍ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് പരാതിയും കേസും. പാവപ്പെട്ട കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കരുതെന്ന് അദ്ദേഹം യുപി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

    രാഷ്ട്ര തലസ്ഥാനത്തുനിന്ന് ഉത്തര്‍പ്രദേശിലേക്ക് പോവുന്ന കുടിയേറ്റക്കാരെ യോഗിജി തല്ലിക്കൊല്ലുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്തുകൊണ്ടാണ് അവര്‍ ഡല്‍ഹിയിലേക്ക് പോയതെന്നും അവരെ വീണ്ടും ദേശീയ തലസ്ഥാനത്തേക്ക് പോവാന്‍ അനുവദിക്കില്ലെന്നു ആദിത്യനാഥ് പറഞ്ഞതായും അദ്ദേഹം കുറിച്ചു. ഇങ്ങനെ ചെയ്യരുതെന്നാണ് യുപി സര്‍ക്കാരിനോട് എന്റെ അഭ്യര്‍ത്ഥനയെന്നും പ്രയാസകരമായ മണിക്കൂറില്‍ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കരുതെന്നും ഹിന്ദിയിലുള്ള ട്വീറ്റില്‍ എംഎല്‍എ പറയുന്നു.

    ഇതേത്തുടര്‍ന്ന് യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍, രാഘവ് ചദ്ദയെ 'വ്യാജവാര്‍ത്ത' പ്രചരിപ്പിച്ചതിന് ആക്ഷേപിക്കുകയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 'ഇത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്, ഇത്തരമൊരു പകര്‍ച്ചവ്യാധി സമയത്ത് പോലും, അദ്ദേഹം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് പിന്തിരിയുന്നില്ല, ആം ആദ്മി പാര്‍ട്ടി എങ്ങനെ ഇത്രയും തരം താഴ്ന്നു? ഉത്തര്‍പ്രദേശ് സര്‍ക്കാരും പോലിസും ഈ ട്വീറ്റിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മൃത്യുഞ്ജയ് കുമാര്‍ ട്വീറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് ആം ആദ്മി എംഎല്‍എ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. കൊറോണ വൈറസ് പടരാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍, ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ അതിര്‍ത്തികളിലൂടെ കാല്‍നടയായി ഒഴുകുകയാണ്.




Tags:    

Similar News