മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചെന്ന പരാതി: അഖിലേഷ് യാദവിനെതിരേ യുപി പോലിസ് കേസെടുത്തു

Update: 2021-03-14 01:56 GMT

ലഖ്‌നോ: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവിനും 20 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ യുപി പോലിസ് കേസെടുത്തു. മൊറാദാബാദ് ജില്ലയിലെ ചില മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്ന സംഭവത്തിലാണ് സമാജ്‌വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജൈവീര്‍ യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്.മാധ്യമപ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരമാണ് വെള്ളിയാഴ്ച രാത്രി പഖ്വാര പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനെ മാര്‍ച്ച് 11 ന് ഒരു ഹോട്ടലില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് കൈയേറ്റമെന്നാണ് പരാതി. അഖിലേഷ് യാദവ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും അനുയായികളെയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 20ഓളം മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്നാണു പരാതി.

    'ഞങ്ങള്‍ അസം ഖാനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. അഖിലേഷിന് ശരിയായ ഉത്തരം നല്‍കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം പ്രകോപിതനായി. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡുകളോട് ആവശ്യപ്പെട്ടു. കലഹത്തിനിടെ ഞങ്ങള്‍ക്ക് പരിക്കേറ്റു' എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. കേസ് അന്വേഷണ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലിസ് സൂപ്രണ്ട് അമിത് ആനന്ദ് പറഞ്ഞു. മൊറാദാബാദ് ജില്ലയില്‍ അഖിലേഷ് യാദവിന്റെ ഒരു ബൈറ്റ് ലഭിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിയിടുകയും ഒരു മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റതായും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഭവശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി, അഖിലേഷിനോട് ചോദ്യങ്ങള്‍ ചോദിച്ചതിന് എസ്പി ഗുണ്ടകള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും ഭീഷണിപ്പെടുത്തുകയും അപമാനിച്ച് അവരെ ഓടിച്ചുവെന്നും ആരോപിച്ച് രംഗത്തെത്തിയിരുന്നു. പലര്‍ക്കും പരിക്കേറ്റതായും അവര്‍ അവകാശപ്പെട്ടിരുന്നു. സംഭവത്തിനിടെ യാദവിനൊപ്പം ഉണ്ടായിരുന്ന മൊറാദാബാദില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംപി സയ്യിദ് തുഫയില്‍ ഹസന്‍ ആരോപണം തള്ളി. 'ചില ചാനല്‍ പ്രവര്‍ത്തകര്‍ സുരക്ഷാ വലയം ലംഘിച്ചതിനെ തുടര്‍ന്ന് കാവല്‍ക്കാര്‍ തടഞ്ഞപ്പോള്‍ വീണു. ഒരു മാധ്യപ്രവര്‍ത്തകന് കാലിന് പരിക്കേറ്റു ആശുപത്രിയിലേക്ക് മാറ്റിയതായും ഹസന്‍ പറഞ്ഞു. സംഭവത്തില്‍ അഖിലേഷ് യാദവ് ദുഖം രേഖപ്പെടുത്തിയിരുന്നു.

Case Against Akhilesh Yadav, Supporters For Assaulting Journalists: UP Police

Tags:    

Similar News