സ്ത്രീയെയും യുവാവിനെയും മര്‍ദ്ദിച്ചു; സിഐക്കെതിരേ കേസ്

Update: 2022-04-12 06:17 GMT

മണ്ണാര്‍ക്കാട്: അട്ടപ്പാടി താവളത്ത് റോഡ് പണിക്കെത്തിയ തൊഴിലാളികളെകോഴിക്കോട് നല്ലളം സിഐ മര്‍ദ്ദിച്ചതായി പരാതി. തൊടുപുഴ സ്വദേശിയായ അലക്‌സ്, കൃഷ്ണഗിരി സ്വദേശിയായ മരതകം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരുടേയും പരാതിയില്‍ കോഴിക്കോട് നല്ലളം സി ഐ കൃഷ്ണനെതിരെ അഗളി പോലിസ് കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റോഡില്‍ നില്‍ക്കുകയായിരുന്ന തങ്ങളെ സിഐ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ്പരാതിക്കാര്‍ ആരോപിക്കുന്നത്.കാറിലെത്തിയ സിഐ വാഹനം നിര്‍ത്തി രാത്രി റോഡില്‍ നില്‍ക്കുന്നതെന്തിനാണെന്ന് ഇവരോട് ആരാഞ്ഞു. തങ്ങള്‍ റോഡിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി വന്നതാണെന്ന് ഇവര്‍ മറുപടി നല്‍കി. എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത ഇയാള്‍ കയര്‍ക്കുകയും അലക്‌സിനെ മര്‍ദ്ദിക്കുകയുമായിരുന്നു. മരതകത്തിന്റെ മുഖത്തും അടിച്ചു. താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നാണ് പരാതിക്കാര്‍ പറയുന്നത്. സിഐ മദ്യലഹരിയിലായിരുന്നുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും സി ഐ കൃഷ്ണനെ വിളിച്ച് വരുത്തി വിവരങ്ങള്‍ തിരക്കിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നുംഅഗളി പോലിസ് അറിയിച്ചു.

Similar News