ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തു

Update: 2025-01-07 14:35 GMT

കൊച്ചി: പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ സിനിമാ നടി ഹണി റോസ് പരാതി നല്‍കിയതില്‍ കേസെടുത്തു. തനിക്കെതിരേ സ്ഥിരമായി അശ്ലീല ആക്ഷേപങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് സെന്‍ട്രല്‍ പോലിസില്‍ പരാതി നല്‍കിയത്. സെന്‍ട്രല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തത്.

നടിയുടെ ചിത്രം മോശമായ രീതിയില്‍ തംബ്‌നെയില്‍ ആയി ഉപയോഗിച്ച 20 യുട്യൂബര്‍മാര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

''ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു''-ഹണി റോസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

നാലു മാസം മുന്‍പ് നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് വ്യവസായിയുടെ പേര് പരാമര്‍ശിക്കാതെ തന്നെ ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റില്‍ കമന്റിട്ട 30 പേര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം നടി പരാതി നല്‍കിയത്. ഇതില്‍ കുമ്പളം സ്വദേശിയായ ഒരു യുവാവിനെ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.ഇപ്പോള്‍ 31 പേര്‍ക്കെതിരെയാണ് ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്.


Tags:    

Similar News