വൈത്തിരിയില്‍ ആദിവാസി പോലിസ് ഉദ്യോഗസ്ഥനെതിരേ ജാതിയധിക്ഷേപം നടന്നതായി പരാതി; '' കാട്ടുജാതിക്കാര്‍ കാട്ടില്‍ ജോലിയെടുത്താല്‍ മതി''
കല്‍പ്പറ്റ: വൈത്തിരി പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എം വിശ്വംഭരന്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥനെതിരേ ജാതി അധിക്ഷേപം നടത്തിയതായി ആരോപണം. മേലുദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ലഭിച്ച മെമ്മോക്കുള്ള മറുപടിയിലാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ താന്‍ ജാതി അധിക്ഷേപത്തിന് ഇരയായെന്ന് ആരോപിച്ചിരിക്കുന്നത്.
വയനാട് ജില്ലയിലെ പോലീസ് ജോലി ആദിവാസികളുടെ കുത്തകയാണെന്നും ആ നിലയിലുള്ള സംസാരം ഇവിടെ വേണ്ടെന്നും എസ്എച്ച്ഒ പറഞ്ഞെന്നാണ് സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ആരോപിക്കുന്നത്. രാവിലെയുള്ള പരേഡിന്റെ സമയത്തെച്ചൊല്ലിയുള്ള സംഭാഷണങ്ങള്‍ക്കിടെയാണ് എസ്എച്ച്ഒ സീനിയര്‍ സിപിഒയെ ജാതീയമായി അധിക്ഷേപിച്ചതത്രെ. ഇതിനെ തുടര്‍ന്ന് തൊട്ടടുത്ത രണ്ടുദിവസങ്ങളിലും ഇദ്ദേഹത്തെ വയനാട് ചുരത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു. കാട്ടുജാതിക്കാര്‍ കാട്ടില്‍ ഡ്യൂട്ടിയെടുത്താല്‍ മതിയെന്നരീതിയില്‍ ഇന്‍സ്‌പെക്ടര്‍ സംസാരിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ചും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിഷയം വിവാദമായതോടെ കല്‍പ്പറ്റ ഡിവൈഎസ്പി ഇടപെട്ട് പോലിസുകാരനെ ഡിവൈഎസ്പി ഓഫിസില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായുളള സ്ഥലംമാറ്റങ്ങളുടെ ഭാഗമായാണ് ഇന്‍സ്‌പെക്ടര്‍ എം വിശ്വംഭരന്‍ വൈത്തിരിയിലേക്ക് സ്ഥലംമാറിവന്നത്. ആദ്യത്തെ നാലുദിവസം വൈത്തിരി സ്‌റ്റേഷനോടു ചേര്‍ന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രത്തിലുള്ള മുറികളില്‍ താമസിച്ചു. പിന്നാലെ വൈത്തിരി വില്ലേജ് റിസോര്‍ട്ടിലേക്ക് താമസം മാറിയെന്ന് ഡിവൈഎസ്പിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. പോലിസുകാരന്‍ മെമ്മോയ്ക്ക് നല്‍കിയ മറുപടിയിലും ഇന്‍സ്‌പെക്ടര്‍ക്കെതിരേയുള്ള മറ്റു ആരോപണങ്ങളിലും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വകുപ്പുതല അന്വേഷണം തുടങ്ങി.
തന്നോട് മോശമായി പെരുമാറിയതിനാലാണ് സീനിയര്‍ സിപിഒയെ കല്പറ്റ ഡിവൈഎസ്പി ഓഫിസിലേക്ക് മാറ്റിയതെന്ന് സിപിഒ പറയുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി ചുരുങ്ങിയ ദിവസങ്ങളിലേക്ക് വന്നതിനാലും വാടകവീടു ലഭിക്കാത്തതിനാലുമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നത്. വാടകത്തുക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.