''ജാതി-മത വിവേചനം ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നം'': പ്യു റിസര്‍ച്ച് സര്‍വേ റിപോര്‍ട്ട്
ന്യൂഡല്‍ഹി: ജാതി-മത വിവേചനമാണ് ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നമെന്ന് പത്തില്‍ ഏഴ് ഇന്ത്യക്കാരും വിശ്വസിക്കുന്നതായി പ്യു റിസര്‍ച്ച് സര്‍വേ റിപോര്‍ട്ട്. 35 ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരാണ് കൂടുതലായും ഇങ്ങനെ വിശ്വസിക്കുന്നതെന്ന് സര്‍വേ റിപോര്‍ട്ട് വ്യക്തമാക്കി.
ഏഷ്യയിലെയും യൂറോപിലെയും വടക്കന്‍ അമേരിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലേയും പശ്ചിമേഷ്യയിലെയും തെക്കന്‍ ആഫ്രിക്കയിലെയും സബ് സഹാറന്‍ ആഫ്രിക്കയിലെയും 36 രാജ്യങ്ങളിലാണ് പ്യൂ റിസര്‍ച്ച് സംഘം സര്‍വേ നടത്തിയത്. 2024 ജനുവരി അഞ്ച് മുതല്‍ മേയ് 22 വരെയായിരുന്നു സര്‍വേ. മൊത്തം 41,503 പേരുടെ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇതിന് ശേഷമാണ് ''ഇക്കണോമിക് ഈക്വാലിറ്റി സീന്‍ ഏസ് മേജര്‍ ചലഞ്ച് എറൗണ്ട് ദി വേള്‍ഡ്'' എന്ന പേരിലുള്ള റിപോര്‍ട്ട് പുറത്തിറക്കിയത്. രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വലിയ പ്രശ്‌നമാണെന്ന് 64 ശതമാനം ഇന്ത്യക്കാര്‍ അഭിപ്രായപ്പെട്ടതായും റിപോര്‍ട്ട് പറയുന്നു.