ഇശ്‌റത്ത ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വന്‍സാരയെയും അമിനെയും ഒഴിവാക്കി
കേസില്‍ ഇരുവര്‍ക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിര്‍ത്തിവയ്ക്കണമെന്നും കോടതി വ്യക്തമാക്കി.
അഹമ്മദാബാദ്: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊലയിലെ പ്രതിപ്പട്ടികയില്‍നിന്ന് മുന്‍ പൊലിസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സാര, എന്‍ കെ അമിന്‍ എന്നിവരെ പ്രത്യേക സിബിഐ കോടതി ഒഴിവാക്കി. കേസില്‍ ഇരുവര്‍ക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിര്‍ത്തിവയ്ക്കണമെന്നും കോടതി വ്യക്തമാക്കി.
ഇരുവരെയും വിചാരണ ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. ഇവരെ വിചാരണ ചെയ്യാന്‍ സിബിഐക്ക് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് ഇവരെ കേസില്‍നിന്ന് ഒഴിവാക്കുന്നതെന്ന് ജഡ്ജി ജെ കെ പാണ്ഡ്യ പറഞ്ഞു. 197 വകുപ്പ് പ്രകാരം ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുള്ള കേസുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണം.
2004 ജൂണ്‍ 15നാണ് വിവാദമായ ഇശ്‌റത്ത ജഹാന്‍, ജാവേദ് ഷെയ്ക്ക്(പ്രാണേഷ് കുമാര്‍) ഏറ്റുമുട്ടല്‍ കൊലപാതകം നടക്കുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ചാണ് 19 കാരി ഇശ്‌റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍, അംജദലി അക്ബറലി റാണ, സീഷാന്‍ സൊഹാര്‍ എന്നിവരെ വെടിവച്ച് കൊലപ്പെടുത്തുന്നത്. അന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവിയായിരുന്നു വന്‍സാര. അദ്ദേഹത്തിന്റെ കീഴിലെ ഉദ്യോഗസ്ഥനായിരുന്നു എന്‍ കെ അമിന്‍. ഭരണകൂടത്തിലെ ഉന്നതര്‍ക്ക് ഉള്‍പ്പെടെ പങ്കുള്ള കൊലപാതകത്തില്‍ സ്ഥാനക്കയറ്റം ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥര്‍ സഹകരിച്ചതെന്നതിന് തെളിവുകള്‍ പുറത്തുവന്നിരുന്നു.