ആര്‍ജി കര്‍ ബലാല്‍സംഗക്കൊല: പ്രതിയുടെ ഉമിനീരും തെളിവെന്ന് സിബിഐ

പ്രതിക്കെതിരെ 11 നിര്‍ണായക തെളിവുകള്‍

Update: 2024-10-09 12:30 GMT

കൊല്‍ക്കത്ത: പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ ആരോപണ വിധേയനെതിരേ ഡിഎന്‍എ തെളിവുകളുണ്ടെന്ന് സിബിഐ. കേസില്‍ ഏറെ നിര്‍ണായകമായ 11 തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ആരോപണ വിധേയനായ സഞ്ജയ് റോയ് ആക്രമിക്കുകയായിരുന്നുവെന്ന് കുറ്റപത്രം പറയുന്നു.

വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സമയത്ത് സെമിനാര്‍ ഹാളില്‍ പ്രതിയുണ്ടായിരുന്നു എന്നതിന് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ റെക്കോഡും തെളിവാണ്. വനിതാ ഡോക്ടറുടെ പ്രതിരോധത്തില്‍ പ്രതിയുടെ ശരീരത്തില്‍ മുറിവേറ്റിരുന്നു. ഇരയുടെ ശരീരത്തില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കണ്ടെടുത്ത വസ്ത്രങ്ങളില്‍ ഇരയുടെയും പ്രതിയുടെയും രക്തക്കറകള്‍ ഉണ്ട്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച ചെറിയ മുടികളില്‍ പ്രതിയുടെ മുടികളുമുണ്ട്.

സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പ്രതിയുടെ മൊബൈല്‍ഫോണുമായി ബന്ധപ്പെട്ടിരുന്നു. സംഭവത്തിന് മുമ്പ് സെമിനാര്‍ ഹാളിലേക്ക് പോവുമ്പോള്‍ പ്രതിയുടെ കഴുത്തില്‍ ഈ ഹെഡ്‌സെറ്റ് ഉള്ളതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, തിരികെ വരുമ്പോഴുള്ള ദൃശ്യങ്ങളില്‍ ഇതില്ല.

ഇരയുടെ കന്യാചര്‍മ്മത്തില്‍ പുതിയ മുറിവുകളുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച ഉമിനീര്‍ ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ഇത് പ്രതിയുടേത് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രം പറയുന്നു.

Tags:    

Similar News