സെപ്തംബറില്‍ മഴ കനക്കുമെന്ന്; കൂടുതല്‍ മഴയ്ക്ക് സാധ്യത വടക്കന്‍ കേരളത്തില്‍
മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുകയും ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ മഴയുടെ തോത് കുറയുന്നതുമായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ കാലവര്‍ഷത്തില്‍ 52 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.
കഴിഞ്ഞദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ആഴ്ച തിരിച്ചുള്ള കണക്കുകളില്‍ അടുത്ത രണ്ടാഴ്ചയില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് സൂചന നല്‍കിയിരുന്നു. സെപ്തംബര്‍ രണ്ട് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ മധ്യ-വടക്കന്‍ കേരളത്തില്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപിനും തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപത്ത് ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നിന്ന് ഒരു ന്യൂനമര്‍ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
സെപ്തംബര്‍ മാസത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നത് കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള അനുമാനമാണ്. മുന്‍ വര്‍ഷങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്ത് പൊതുവില്‍ വളരെ സാധാരണ മഴയെ ലഭിക്കാറുള്ളൂ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശരാശരി 22 മില്ലിമീറ്റര്‍ മഴയാണ് പെയ്യാറുള്ളത്. ഇക്കാര്യത്തില്‍ കൃത്യമായൊരു പ്രവചനം സാധ്യമല്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.
മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുകയും ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ മഴയുടെ തോത് കുറയുന്നതുമായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ കാലവര്‍ഷത്തില്‍ 52 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ആഗസ്ത് മാസത്തിലാണ് (551.7 മില്ലിമീറ്റര്‍). 24 ശതമാനം അധിക മഴയാണ് ആഗസ്തിൽ സംസ്ഥാനത്ത് പെയ്തത്. കാലവര്‍ഷത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ജൂണിലാണ്. ജൂണില്‍ 648.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് ലഭിച്ചത് 308.6 മില്ലിമീറ്റര്‍ മാത്രമാണ്. 55 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേ സമയം നിര്‍ത്താതെ മഴ പെയ്യുമ്പോഴും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയുടെ അളവില്‍ 12 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.