പത്താന്‍കോട്ട് ആക്രമണം: സൈന്യത്തെ അയക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിഫലം ആവശ്യപ്പെട്ടു: ഭഗവന്ത് മാന്‍

ആംആദ്മി പാർട്ടി-ബിജെപി തുറന്ന പോര് നടക്കുന്നതിനിടെയാണ് വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.

Update: 2022-04-01 16:32 GMT

ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. 2016-ല്‍ പത്താന്‍കോട്ടില്‍ ആക്രമണം ഉണ്ടായപ്പോള്‍ സൈന്യത്തെ അയക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 7.5 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. പഞ്ചാബ് നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ 7.5 കോടി രൂപ വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു ആംആദ്മി നേതാവായ സാധു സിങ്ങിനൊപ്പം കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടുവെന്നും പണം തന്റെ എംപി ഫണ്ടില്‍ നിന്ന് പിന്‍വലിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് മാന്‍ പറഞ്ഞു.

എന്നാല്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ലെന്നും സൈനിക സേവനം ഇന്ത്യയില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും രേഖാമൂലം എഴുതി നല്‍കണമെന്നും താന്‍ പറഞ്ഞെന്ന് ഭഗവന്ത്മാന്‍ വ്യക്തമാക്കി. ​കേന്ദ്ര സർക്കാരിനെതിരേ ​ഗുരുതരമായ ആരോപണമാണ് പഞ്ചാബ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. ആംആദ്മി പാർട്ടി-ബിജെപി തുറന്ന പോര് നടക്കുന്നതിനിടെയാണ് വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.

2016 ജനവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമതാവളം സായുധർ ആക്രമിച്ചത്. മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ അടക്കം ഏഴ് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യോമതാവളത്തില്‍ കടന്ന ആറ് സായുധരേയും സൈന്യം വധിച്ചിരുന്നു.

Similar News