മതം മാറിയവരുടെ പട്ടിക ജാതി പദവി പരിശോധിക്കാന്‍ കേന്ദ്ര സമിതി; ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ അധ്യക്ഷന്‍

ചരിത്രപരമായി പട്ടിക ജാതിക്കാര്‍ ആയിരിക്കുകയും ഈ ഉത്തരവില്‍ പറയാത്ത മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തവരുടെ പട്ടികജാതി പദവി സംബന്ധിച്ചാണ് സമിതി പരിശോധന നടത്തുക.

Update: 2022-10-07 11:03 GMT

ന്യൂഡല്‍ഹി: മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ പട്ടിക ജാതി പദവി സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. റിട്ട. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ഡോ. ആര്‍ കെ ജയിന്‍, പ്രഫ. സുഷ്മ യാദവ് എന്നിവര്‍ അംഗങ്ങളാണ്.

ഹിന്ദു, സിഖ്, ബുദ്ധ മതങ്ങള്‍ അല്ലാതെ മറ്റു മതങ്ങളില്‍ പെട്ടവര്‍ക്കൊന്നും പട്ടികജാതി പദവിക്ക് അര്‍ഹതയില്ലെന്നാണ് 1950ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ പറയുന്നത്. ഇതു കാലാകാലങ്ങളില്‍ ഭേദഗതി ചെയ്തിട്ടുണ്ട്. ചരിത്രപരമായി പട്ടിക ജാതിക്കാര്‍ ആയിരിക്കുകയും ഈ ഉത്തരവില്‍ പറയാത്ത മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തവരുടെ പട്ടികജാതി പദവി സംബന്ധിച്ചാണ് സമിതി പരിശോധന നടത്തുക.

മുസ് ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട ദലിതുകള്‍ പട്ടിക ജാതി പദവി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി ഇതിന് എതിരാണ്.

പുതിയ വിഭാഗങ്ങള്‍ക്കും പട്ടിക ജാതി പദവി നല്‍കുകയാണെങ്കില്‍ അതുണ്ടാക്കുന്ന അനന്തര ഫലങ്ങളും സമിതി പരിശോധനാ വിധേയമാക്കും. മതംമാറിയ ശേഷം ആചാരം, പാരമ്പര്യം, സാമൂഹ്യ വിവേചനം, ദാരിദ്ര്യാവസ്ഥ എന്നിവയില്‍ ഉണ്ടായ മാറ്റം സമിതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും സമിതിക്കു പരിശോധിക്കാമെന്ന് സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

Similar News