സഖ്യനീക്കം ശക്തം; രാഹുലുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി
ബിജെപിക്ക് എതിരായി നിലകൊള്ളുന്ന പാര്‍ട്ടികളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളാണ് ചന്ദ്രബാബു നായിഡു നടത്തുന്നത്.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ നടക്കാനിരിക്കെ കേന്ദ്രത്തില്‍ ബിജെപി ഇതരസര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജീവം. കെ ചന്ദ്രശേഖര്‍ റാവുവിന് ശേഷം ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിക്ക് എതിരായി നിലകൊള്ളുന്ന പാര്‍ട്ടികളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളാണ് ചന്ദ്രബാബു നായിഡു നടത്തുന്നത്.
തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. രാവിലെ പത്തോടെയാണ് രാഹുലുമായി നായിഡു കൂടിക്കാഴ്ച നടത്തിയത്.
രാഹുലിനെ സന്ദര്‍ശിച്ച നായിഡു, ഡല്‍ഹിയില്‍നിന്ന് ഉച്ചയ്ക്കു ശേഷം 2.45ന് ലഖ്‌നൗവിലേക്ക് വിമാനമാര്‍ഗം തിരിക്കും. എസ്പി നേതാവ് അഖിലേഷ് സിങ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നുവരുമായും
അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് 3.45 ഓടെയാകും ഇരുനേതാക്കളുമായി നായിഡു കൂടിക്കാഴ്ച നടത്തുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു. ശേഷം ഏഴുമണിയോടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹം ആന്ധ്രയിലേക്ക് തിരിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുമായും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളുമായും നായിഡു വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.