ബിജെപി വിരുദ്ധ സര്‍ക്കാര്‍: ചന്ദ്രബാബു നായിഡു രാഹുലുമായി ചര്‍ച്ച നടത്തി
അതേസമയം തന്നെ ആന്ധ്രയിലും തെലങ്കാനയിലും നായിഡുമായി പോരടിക്കുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും വിവിധ നേതാക്കളെ സന്ദര്‍ശിക്കുന്നുണ്ട്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുന്നതു തടയുകയെന്ന ലക്ഷ്യത്തോടെ തെലുഗുദേശം പാര്‍ട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ഫലം പുറത്തുവന്നാല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനായി വേണ്ടിവന്നാല്‍ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച നടത്തിയത്. നേരത്തേ ചന്ദ്രബാബു നായിഡു ഇതേ ആവശ്യത്തിനായി സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി രാജ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെയും നായിഡു ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, എന്‍സിപി നേതാവ് ശരദ് പവാര്‍, എല്‍ജെഡി നേതാവ് ശരദ് യാദവ് എന്നിവരെയും സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെയും കണ്ട് ചര്‍ച്ച ചെയ്യും. മമതയുമായി നായിഡു ഇതിനകം ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്.
ഫലപ്രഖ്യാപനത്തിനു ശേഷം ബിജെപിക്ക് കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ സര്‍ക്കാരുണ്ടാക്കാന്‍ ചെയ്യേണ്ട നീക്കുപോക്കുകളെ കുറിച്ച് നായിഡു രാഹുലുമായി സംസാരിച്ചതിയാണു സൂചന. ഫലപ്രഖ്യാപനശേഷം പ്രതിപക്ഷ മഹാസഖ്യത്തിലേക്ക് തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്) ഉള്‍പ്പെടെയുള്ള ആരെയും സ്വീകരിക്കാമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ നിലപാട്. അതേസമയം തന്നെ ആന്ധ്രയിലും തെലങ്കാനയിലും നായിഡുമായി പോരടിക്കുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും വിവിധ നേതാക്കളെ സന്ദര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര കക്ഷികളുടെ ഐക്യമാണ് റാവു ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുമായി ചന്ദ്രശേഖര റാവു ചര്‍ച്ച നടത്തിയിരുന്നു. ഏതായാലും സീറ്റുകള്‍ കുറഞ്ഞാലും സര്‍ക്കാരുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഭാഗത്ത് ആര്‍എസ്എസ് നീക്കം നടത്തുമ്പോള്‍ പ്രതിപക്ഷ ഭാഗത്തും നീക്കങ്ങള്‍ സജീവമാണ്.