ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; 22 സൈനികര്‍ കൊല്ലപ്പെട്ടു

ശനിയാഴ്ച ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ സുക്മ- ബിജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവച്ചു.

Update: 2021-04-04 09:21 GMT

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബിജാപൂര്‍ എസ്പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതായും എസ്പി പ്രതികരിച്ചു. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ സുക്മ- ബിജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവച്ചു.

നാല് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു. ആദ്യം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. പിന്നീടാണ് 22 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി സ്ഥിരീകരിച്ചത്. 31 ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. 21 സൈനികരെ കാണാനില്ലെന്ന വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. കാണാതായ 21 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

പരിക്കേറ്റ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ റായ്പൂരിലേക്ക് മാറ്റി. ഏറ്റുമുട്ടലില്‍ 15ലധികം മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. എസ്ടിഎഫ്, ഡിആര്‍ജി, സിആര്‍പിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍നിന്നുള്ള നാനൂറോളം പേരാണ് ഓപറേഷനായി ഈ മേഖലയിലേക്ക് പോയത്. ഏറ്റുമുട്ടലിനിടെ മാവോവാദികള്‍ രണ്ട് ഡസനിലധികം ആയുധങ്ങള്‍ മോഷ്ടിച്ചതായും സിആര്‍പിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ വിളിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹം കേന്ദ്ര റിസര്‍വ് പോലിസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറലിനെ സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. വൈകീട്ട് ഞാന്‍ ഛത്തീസ്ഗഢിലേക്ക് മടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News