ഇടുക്കിയില്‍ ഏഴ് വയസ്സുകാരന് ക്രൂരമര്‍ദ്ദനം; തലയോട് തകര്‍ന്ന് തലച്ചോറ് പുറത്ത്

Update: 2019-03-28 15:19 GMT

ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് ക്രൂരമര്‍ദ്ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ മര്‍ദിച്ചത് രണ്ടാനച്ഛനെന്നാണ് സൂചന. അമ്മയും രണ്ടാനച്ഛനും പോലിസ് നിരീക്ഷണത്തിലാണ്.

തൊടുപുഴ കുമാരനെല്ലൂര്‍ സ്വദേശിയായ എഴ് വയസ്സുകാരനാണ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. സോഫയില്‍ നിന്ന് വീണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റെന്നാണ് മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

വിശദ പരിശോധനയില്‍ ബലമുള്ള വടികൊണ്ടോ ചുമരിലിടച്ചതോ നിമിത്തം തലയോട്ടി പൊട്ടിയതാകാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്ത് വന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ മൂന്നര വയസ്സുള്ള ഇളയകുട്ടിയ്ക്കും മര്‍ദ്ദനമേറ്റതായി കണ്ടെത്തി. ഇളയകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന തീരുമാനത്തിലാണ് പോലിസ്. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനെ കുട്ടികളുടെ അമ്മ വിവാഹം കഴിക്കുകയായിരുന്നു.

Similar News