കൊറോണ വൈറസ്: മരണസംഖ്യ ഉയരുന്നതിനിടെ വിദേശമാധ്യമ പ്രവര്‍ത്തകരെ ചൈന പുറത്താക്കുന്നു
വാള്‍സ്ട്രീറ്റ് ജേണലില്‍ ചൈന ഈസ് ദ റിയല്‍ സിക്ക് മാന്‍ ഓഫ് ഏഷ്യ (ചൈനയാണ് ഏഷ്യയിലെ യഥാര്‍ത്ഥ രോഗി) എന്ന തലക്കെട്ടില്‍ ചൈനയെ വംശീയമായി അധിക്ഷേപിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചതിനു പിന്നാലെയാണ് നടപടി.
ബെയ്ജിങ്: രാജ്യത്ത് പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുന്നതില്‍ പരാജയപ്പെട്ട ചൈനീസ് ഭരണകൂടത്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ മൂന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാന്‍ ഉത്തരവിട്ട് ചൈന. ഇതുവരെ രാജ്യത്ത് രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും 75,000ത്തോളം പേരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് വിദേശ മാധ്യമങ്ങളുമായുള്ള ബെയ്ജിങിന്റെ ബന്ധം കൂടുതല്‍ വഷളാക്കുന്ന ഉത്തരവ് പുറത്തുവന്നത്.
വാള്‍സ്ട്രീറ്റ് ജേണലില്‍ ചൈന ഈസ് ദ റിയല്‍ സിക്ക് മാന്‍ ഓഫ് ഏഷ്യ (ചൈനയാണ് ഏഷ്യയിലെ യഥാര്‍ത്ഥ രോഗി) എന്ന തലക്കെട്ടില്‍ ചൈനയെ വംശീയമായി അധിക്ഷേപിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചതിനു പിന്നാലെയാണ് നടപടി. വംശീയ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുകയും ചൈനയ്‌ക്കെതിരേ അപകീര്‍ത്തികരമായ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന മാധ്യമങ്ങളെ ചൈനീസ് ജനത സ്വാഗതം ചെയ്യുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഒരു വിദേശ മാധ്യമത്തിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് ഒരേസമയം രാജ്യംവിടാന്‍ ഉത്തരവ് നല്‍കുന്നത്. ജേണലിന്റെ ബീജിംഗ് ബ്യൂറോ ഉപ മേധാവി ജോഷ് ചിന്‍, റിപ്പോര്‍ട്ടര്‍മാരായ ചാവോ ഡെങ്, ഫിലിപ്പ് വെന്‍ എന്നിവരോടാണ് രാജ്യംവിടാന്‍ ഉത്തരവിട്ടത്.
അതേസമയം, ചൈനീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ വാര്‍ത്താ മാധ്യമങ്ങളിലെ കറസ്‌പോണ്ടന്റുമാര്‍ക്കെതിരെ പ്രതികാരം ചെയ്ത് ഭീഷണിപ്പെടുത്താനുള്ള ചൈനീസ് അധികൃതരുടെ തീവ്രവും വ്യക്തവുമായ ശ്രമമാണിതെന്ന് ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ക്ലബ് ഓഫ് ചൈന പ്രസ്താവനയില്‍ പറഞ്ഞു.