'മതാത്മകമായ ഫാഷിസ്റ്റ് ദേശീയ ബോധത്തെ നിഷ്‌കാസനം ചെയ്യണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥ പൂര്‍ണ്ണമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാഷിസ്റ്റ് ദേശീയ ബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാല്‍ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍. വിമോചനത്തിന്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദര്‍ശനങ്ങളാല്‍ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വര്‍ഗീയവും മനുഷ്യത്വശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദര്‍ഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥപൂര്‍ണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂര്‍ണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വം സ്വാതന്ത്ര്യദിന ആശംസകള്‍. മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.