നീറ്റ് പരീക്ഷയ്ക്ക് എതിരേ കേരളം ഉള്‍പ്പടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടി സ്റ്റാലിന്‍
ചെന്നൈ: നീറ്റ് പരീക്ഷയ്ക്ക് എതിരേ മുഖ്യമന്ത്രിമാരുടെ പിന്തുണതേടി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. കേരളവും ബംഗാളും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടിയാണ് സ്റ്റാലിന്‍ കത്തയച്ചത്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ഗോവ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. നേരത്തെ ഇതേ വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. നീറ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടും കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു. നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകള്‍ക്കുള്ള ഭാരിച്ച ചിലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതിസന്ധിയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാജന്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.