താപനിലയങ്ങളില്‍ കല്‍ക്കരി എത്തിക്കാന്‍ കൂടുതല്‍ ചരക്കുവണ്ടികള്‍ ഓടിക്കും; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കും
ന്യൂഡല്‍ഹി: രാജ്യം വൈദ്യുതി പ്രതിസന്ധിയെ നേരിടുന്ന പാശ്ചത്തലത്തില്‍ താപനിലയങ്ങള്‍ക്ക് ആവശ്യമായ കല്‍ക്കരി എത്തിക്കാന്‍ കൂടുതല്‍ ചരക്കുവണ്ടികള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ചരക്കുവണ്ടികള്‍ വേഗത്തില്‍ ഓടിക്കാന്‍ 650ലധികം പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
500 മെയില്‍, എക്‌സ്പ്രസ് ട്രെയിന്‍ ട്രിപ്പുകളും 148 കമ്മ്യൂട്ടര്‍ ട്രെയിന്‍ ട്രിപ്പുകളും ഉള്‍പ്പെടെ 657 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുമെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കല്‍ക്കരി കൊണ്ടുപോകുന്ന റേക്കുകളുടെ എണ്ണം വര്‍ധിപ്പിക്കാനും റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നടപടി താത്കാലികമാണെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലായാലുടന്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരവ് കൃഷ്ണ ബന്‍സാല്‍ പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കല്‍ക്കരി വൈദ്യുത നിലയങ്ങളിലേക്ക് എത്താന്‍ എടുക്കുന്ന സമയം കുറയ്ക്കാന്‍ റെയില്‍വേ ശ്രമിക്കുകയാാണ്, അദ്ദേഹം പറഞ്ഞു.