കില്‍ത്താന്‍ ദ്വീപിനെതിരേ കലക്ടറുടെ അധിക്ഷേപം; ബഹിഷ്‌കരണത്തിനും ബന്ദ് ആചരണത്തിനും സര്‍വകക്ഷി തീരുമാനം

Update: 2021-05-28 12:57 GMT

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രംഗത്തെത്തിയതിനു കില്‍ത്താന്‍ ദ്വീപിനെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ജില്ലാ കലക്ടര്‍ അസ്‌കറലിക്കെതിരേ യോജിച്ച പ്രക്ഷോഭത്തിന് സര്‍വകക്ഷി തീരുമാനം. കലക്ടര്‍ ഉള്‍പ്പടെയുള്ള അഡ്മിനിസ്‌ട്രേഷന്റെ ഉന്നത അധികാരികള്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളില്‍ നിന്നും കില്‍ത്താന്‍ ദ്വീപുകാര്‍ വിട്ടുനില്‍ക്കാനും യോഗം തീരുമാനിച്ചു. ദ്വീപിലെ എല്ലാ വീട്ടുമുറ്റത്തും അഡ്മിനിസ്‌ട്രേഷന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതിഷേധ ബോര്‍ഡുകള്‍ സ്ഥാപിച്ച് വീടുകളിലിരുന്ന് പ്രധിഷേധം അറിയിക്കും. 


കച്ചവട, വാഹന ഉടമകളുടെയും തൊഴിലാളികളുടെയും അഭിപ്രായം കൂടി ആരാഞ്ഞശേഷം രണ്ടു ദിവസത്തേക്ക് കില്‍ത്താന്‍ ദ്വീപിലെ കട കമ്പോളങ്ങളും റോഡുകളും ബന്ദാക്കി പ്രധിഷേധിക്കണമെന്നും അഭിപ്രായമുയര്‍ന്നു. ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലക്ഷദ്വീപ് കലക്ടര്‍ അസ്‌കറലി കില്‍ത്താന്‍ ദ്വീപിനെ അപകീര്‍ത്തിപ്പെടുത്തുന്നതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുന്നയിച്ചത്. ഇതിനെതിരേ കില്‍ത്താന്‍ ദ്വീപിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാതിരാത്രി വീടുകളില്‍ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുകയായിരുന്നു. എന്നാല്‍, കില്‍ത്താന്‍ ദ്വീപിലെ എന്‍സിപി, കോണ്‍ഗ്രസ്, സിപി ഐ, സിപിഎം, ജെഡിയു തുടങ്ങിയുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ഒത്തുചേരുകയും കില്‍ത്താന്‍ ദ്വീപിന്റെ പേരില്‍ പച്ചക്കള്ളം പടച്ചുവിട്ട കലക്ടര്‍ക്കെതിരേ ശബ്ദിച്ച യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കില്‍ത്താന്‍ ദ്വീപിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കുകയും അഡ്മിനിസ്‌ട്രേറ്ററുടെ വികല നയങ്ങള്‍ക്കെതിരേ കൊവിഡ് ലോക്ക്ഡൗന്‍ സാഹചര്യത്തി പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചു.   

കില്‍ത്താനില്‍ അറസ്റ്റ് ചെയ്ത യുവാക്കളെ മജിസ്‌റ്റേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍

അതേസമയം, കില്‍ത്താന്‍ ദ്വീപിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തിയ കലക്ടര്‍ അസ്‌കറലി നാട്ടുകാരോട് മാപ്പ് പറയുകയും ആരോപണം അന്വേഷിച്ച് തെറ്റ് തിരുത്തണമെന്നും സര്‍വകക്ഷികള്‍ ആവശ്യപ്പെട്ടു. പ്രകോപനപരമായ വാര്‍ത്തകള്‍ നല്‍കി ദ്വീപി നിവാസികളെ ഇളക്കി വിട്ട് അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നത് ദ്വീപിലെ ജനങ്ങള്‍ കുഴപ്പക്കാരും അക്രമികളുമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തവര്‍ വിലയിരുത്തി. വര്‍ധിച്ചു വരുന്ന കൊവിഡ് കേസുകളും കര്‍ഫ്യൂ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. കില്‍ത്താന്‍ ദ്വീപിനെ മാതൃകയാക്കി മറ്റുള്ള ദ്വീപുകളിലും സമാനപരിപാടികളും കൂട്ടായ്മകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും യോഗം ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളോടും അഭ്യര്‍ത്ഥിച്ചു.


Tags:    

Similar News