ലക്ഷദ്വീപിലേക്കുള്ള വിമാനം-കപ്പല്‍ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
നിലവിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ വിമര്‍ശനവുമായി മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ഉമേഷ് സൈഗാള്‍, ജഗദീഷ് സാഗര്‍, വജഹത് ഹബീബുല്ല, രാജീവ് തല്‍വാര്‍, ആര്‍ ചന്ദ്രമോഹന്‍, ആര്‍ സുന്ദര്‍ രാജ് എന്നിവര്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.
കവരത്തി: ഭരണപരിഷ്‌കാരത്തിന്റെ മറവില്‍ ജനദ്രോഹ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ ലക്ഷദ്വീപിലേക്കുള്ള വിമാനം-കപ്പല്‍ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിയമം തയ്യാറാക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. കമ്മിറ്റിയുടെ ആദ്യയോഗം അടുത്തമാസം അഞ്ചിന് നടക്കും. ദ്വീപിലേക്കുള്ള ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി അവര്‍ വീണ്ടും സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന് നാല് മണിക്ക് ഓണ്‍ലൈനായാണ് യോഗം നടക്കുക. ദ്വീപിലേക്കുള്ള സന്ദര്‍ശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഡിഎമ്മിന്റെ അനുമതിയുള്ളവര്‍ക്ക് മാത്രമേ നാളെ മുതല്‍ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി ലഭിക്കുകയുള്ളൂ. നിലവില്‍ സന്ദര്‍ശനത്തിനെത്തി ദ്വീപിലുള്ളവര്‍ക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിന്റെ അനുമതി വേണം. കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് പുതിയ നിയന്ത്രണമെന്നാണ് അധികൃതരുടെ വാദമെങ്കിലും പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സമീപ സ്ഥലങ്ങളില്‍ നിന്നുള്ളവരുടെ ഇടപെടല്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നാണു സൂചന.
ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 'സൂക്ഷിക്കു!.. ലക്ഷദ്വീപില്‍ വൈകാതെ ഇന്റര്‍നെറ്റ് ഇല്ലാതായേക്കാം' എന്നായിരുന്നു ഹൈബി ഈഡന്റെ പോസ്റ്റ്.
നേരത്തെ ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സ് ലഭിക്കാനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ തീരുമാനിച്ചിരുന്നു. മെഡിക്കല്‍ ഓഫിസറുടെ അനുമതി വേണ്ടിയിരുന്ന സ്ഥാനത്താണ് അപേക്ഷകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലും ഇത്തരം നടപടികളുമായി മുന്നോട്ടുപോവുന്നതിനെതിരേ അമര്‍ശമുയര്‍ന്നിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെയും അദ്ദേഹത്തിന്റെ നടപടികളെ ന്യായീകരിച്ച കലക്ടര്‍ അസ്ഗറലിയുടെയും നിലപാടുകള്‍ക്കെതിരേ പ്രതിഷേധം വ്യാപിക്കുന്നുണ്ട്. വീടുകളില്‍ പ്രതിഷേധത്തിനു പുറമെ സര്‍വകക്ഷി യോഗം ഇന്നു വൈകീട്ട് ഓണ്‍ലൈനില്‍ ചേര്‍ന്ന് ഭാവിപരാപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
അതിനിടെ, നിലവിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ വിമര്‍ശനവുമായി മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രംഗത്തെത്തി. പുതിയ തീരുമാനങ്ങള്‍ ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ഗുണ്ടാ ആക്റ്റും അങ്കണവാടികള്‍ അടച്ചുപൂട്ടിയതും ഉദ്യോഗസ്ഥരെ മാറ്റിയതും മല്‍സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചതും തെറ്റായ നടപടികളാണെന്നും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും ഉമേഷ് സൈഗാള്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് അയച്ച കത്തിലാണ് ഉമേഷ് സൈഗാളിന്റെ പരാമര്‍ശം. ഇദ്ദേഹത്തെ കൂടാതെ ലക്ഷദ്വീപിലെ അഞ്ച് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ചേര്‍ന്ന് രാഷ്ട്രപതിക്ക് കത്തെഴുതി. ജഗദീഷ് സാഗര്‍, വജഹത് ഹബീബുല്ല, രാജീവ് തല്‍വാര്‍, ആര്‍ ചന്ദ്രമോഹന്‍, ആര്‍ സുന്ദര്‍ രാജ് എന്നിവരാണ് നിലവിലെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരേ കത്തെഴുതിയത്. ഉമേഷ് സൈഗാള്‍ ഐഎഎസ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.
Restrictions are also imposed on air and sea travel to Lakshadweep