ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ക്രൂരത; തീറ്റ ലഭിക്കാതെ പശുക്കളും കോഴികളും
തീറ്റ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ നടപടി വൈകുന്നു
കവരത്തി: ലക്ഷദ്വീപില്‍ ഈയിടെ ചുമതലയേറ്റ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ ദ്വീപിലെ ഫാമുകളില്‍ തീറ്റ ലഭിക്കാതെ പശുക്കളും കോഴികളും വലയുന്നു. ലേലം മുടങ്ങിയതോടെ ഇവിടുത്തെ ഫാമുകളിലേക്കുള്ള തീറ്റ ലഭിക്കാത്തതാണ് പക്ഷി-മൃഗാദികളുടെ ജീവന്‍ അപകടത്തിലാക്കിയത്. അടിയന്തിരമായി തീറ്റ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലും നടപടി വൈകുകയാണ്. തീറ്റ ലഭിക്കാതെ ഒരു പശു ചത്തിട്ടും അധികൃതര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണ്. മിനിക്കോയ് ദ്വീപിലെ ജില്ലാ വെറ്ററിനറി അസി. സര്‍ജ്ജനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മെയ് 28ന് കവരത്തി ജില്ലാ വെറ്ററിനറി ഓഫിസിര്‍ക്ക് അപേക്ഷ നല്‍കിയത്. ഇക്കാര്യം കവരത്തി ആനിമല്‍ ഹസ്‌ബെന്ററി വകുപ്പ് ഡയറക്ടറെയും അറിയിച്ചിരുന്നു. എന്നാല്‍ ഇത്രയും ദിവസമായിട്ടും പശുക്കള്‍ക്കും കോഴികള്‍ക്കും ആവശ്യമായ തീറ്റ ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 650ഓളം കോഴികളും പശുക്കളും ഇവിടെയുണ്ടെന്നും കാലി-കോഴിത്തീറ്റകള്‍ സ്‌റ്റോക്കില്ലെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തീറ്റ ലഭിക്കാതെ ഒരു പശു ചത്തു. ഇത്തരത്തില്‍ ഗുരുതര സാഹചര്യമാണെന്നാണ് കത്തിലെ ഉള്ളടക്കം.
മിനിക്കോയി ദ്വീപിലും കവരത്തി ദ്വീപിലും മാത്രമായി 35ഓളം പശുക്കളുണ്ട്. മറ്റു ദ്വീപുകളിലും പശുക്കളും കാളകളും കോഴികളും ഉണ്ട്. ദേശീയതലത്തില്‍ തന്നെ പശുസംരക്ഷണത്തിന്റെ പേരില്‍ ആക്രമണങ്ങളും തല്ലിക്കൊലയും നടത്തുന്ന ഹിന്ദുത്വ വാദികളും പശുസംരക്ഷണത്തിനു വേണ്ടി പദ്ധതികള്‍ നടപ്പാക്കുക്കയും ചെയ്യുന്നുവെന്ന അവകാശവാദങ്ങള്‍ക്കിടെയാണ് ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ ഇത്തരം ക്രൂരത ചെയ്യുന്നതെന്നതും ചര്‍ച്ചയായിട്ടുണ്ട്. പശുസ്‌നേഹം തങ്ങളുടെ അജണ്ട നിറവേറ്റാന്‍ വേണ്ടി മാത്രമാണെന്ന വസ്തുത ഒരിക്കല്‍ കൂടി തെളിയുകയാണ്. മാത്രമല്ല, പോള്‍ട്രി ഫാമുകളിലെയും മറ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും കൂടി കൂട്ടിവായിക്കേണ്ടതാണ്.
ഇക്കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെ പശുക്കളെ ലേലം ചെയ്യാന്‍ വേണ്ടി അഡ്മിനിട്രേറ്ററുടെ നിര്‍ദേശ പ്രകാരം ഭരണകൂടം നടപടികള്‍ സ്വീകരിച്ചിരുന്നു. ലേലം വിളിച്ചു വില്‍ക്കാന്‍ വേണ്ടി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ദ്വീപ് നിവാസികള്‍ ഒറ്റക്കെട്ടായി ബഹിഷ്‌കരിച്ചു. ലേലദിവസം വരെയുള്ള കാലി-കോഴിത്തീറ്റകളാണ് സംഭരിച്ചിരുന്നത്. ലേലം മുടങ്ങിയതോടെ തീറ്റ ലഭ്യതയും ഇല്ലാതായി. അധികാരികളാവട്ടെ ലക്ഷദ്വീപിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു പോലെ അവിടുത്ത പക്ഷി-മൃഗാദികളുടെ ജീവന്‍ വച്ചും തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.
Lakshadweep: Cows and birds are no feed