ബുര്‍ഖ ധരിച്ചെത്തിയവരെ കോളജില്‍ കയറ്റിയില്ല; പ്രിന്‍സിപ്പല്‍ വടിയെടുത്ത് ഓടിച്ചു(വീഡിയോ)
ഫിറോസാബാദ്(യുപി): ബുര്‍ഖ ധരിച്ച് കോളജിലേക്കെത്തിയ വിദ്യാര്‍ഥിനികളെ കവാടത്തില്‍ നിലയുറപ്പിച്ച പ്രിന്‍സിപ്പല്‍ വടിയെടുത്ത് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ എസ്ആര്‍കെ കോളജിലാണ് സംഭവം. ബുര്‍ഖ കോളജിന്റെ ഡ്രസ് കോഡിന്റെ ഭാഗമല്ലെന്നും അതിനാല്‍ ഇത് ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കില്ലെന്നും എസ്ആര്‍കെ കോളജ് മാനേജ്‌മെന്റ് അറിയിച്ചു. ഈയിടെ രണ്ട് വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘട്ടനത്തെ തുടര്‍ന്നാണ് ബുര്‍ഖയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് റിപോര്‍ട്ട്. വിദ്യാര്‍ഥികള്‍ക്കായി പുതിയ ഡ്രസ് കോഡ് നിശ്ചയിച്ചിട്ടുണ്ടെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച കോളജ് പ്രിന്‍സിപ്പല്‍ ഭാസ്‌കര്‍ റായ് കൈയില്‍ വടിയെടുത്ത് കോളജിന്റെ പ്രധാന കവാടത്ത് നില്‍ക്കുകയും ബുര്‍ഖ ധാരികളായ മുസ് ലിം വിദ്യാര്‍ഥിനികളെ ഓടിക്കുകയുമായിരുന്നു. ഈസമയം ഒരു പോലിസുകാരന്‍ സമീപത്ത് തന്നെയുണ്ട്. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സംഭവം മുസ്‌ലിം പെണ്‍കുട്ടികളെ അപമാനിക്കുന്നതാണെന്നും ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികളെ കോളജില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും അവരുടെ ഹിജാബ് മാറ്റി ക്ലാസ് മുറികളിലേക്ക് പോവാനും വീടുകളിലേക്ക് മടങ്ങുമ്പോള്‍ വീണ്ടും ഹിജാബ് ധരിക്കാനും ഒരിടം നല്‍കണമെന്നും പ്രദേശവാസിയായ കാസി ഇഷാക് ഗോര വാര്‍ത്താ വെബ്‌സൈറ്റായ ഇന്ത്യ ടുമാറോയോട് പറഞ്ഞു.
ആരെങ്കിലും കോളജ് വസ്ത്രം ധരിച്ചില്ലെങ്കില്‍ തിരിച്ചയക്കണം. എന്നാല്‍, അവര്‍ കോളജ് യൂനിഫോമിലാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാതെ കോളജിന് പുറത്തുനിന്നു തന്നെ തിരിച്ചയക്കുന്നത് ശരിയല്ല. കോളജ് കവാടത്തില്‍ വടിയെടുത്ത് ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ പറഞ്ഞയക്കുകയെന്നത് ഒരു കോളജ് പ്രിന്‍സിപ്പലിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോളജില്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. മുസ് ലിം പെണ്‍കുട്ടികളോട് ലോക്കല്‍ ബസ് സ്റ്റാന്റിലെത്തി ഹിജാബ് നീക്കം ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.