കൊളീജിയം ശുപാര്‍ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശ ചെയ്ത അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടന്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കഴിഞ്ഞ ഡിസംബറില്‍ സുപ്രിംകോടതി കൊളീജിയം സര്‍ക്കാരിന് കൈമാറിയ ശുപാര്‍ശയിലാണ് നടപടി സ്വീകരിക്കുക. ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അനന്തമായി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസ് എസ് കെ കൗള്‍, എ എസ് ഓക എന്നിവരാണ് ഹരജി പരിഗണിച്ചത്. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ ശുപാര്‍ശകള്‍ കേന്ദ്രം അനന്തമായി നീട്ടുന്നതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. കടുത്ത തീരുമാനമെടുക്കാന്‍ ഇടവരുത്തരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതി ജഡ്ജിമാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോള്‍, പി വി സഞ്ജയ് കുമാര്‍, അഹ്‌സനുദ്ദീന്‍ അമാനുല്ല, മനോജ് മിശ്ര എന്നിവരുടെ പേരുകളാണ് ഡിസംബറില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി കൊളീജിയം കൈമാറിയത്. ഇവര്‍ സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റാല്‍ സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 32 ആവും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ആണ് സുപ്രിംകോടതി ജഡ്ജിമാരുടെ അംഗീകൃത അംഗബലം.