കമ്മ്യൂണിസ്റ്റുകാര്‍ ക്യാപ്റ്റന്‍ എന്നു വിളിക്കാറില്ല; പി ജയരാജനു പിന്നാലെ കാനം രാജേന്ദ്രനും
തിരുവനന്തപുരം: പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്യുന്നതിനെതിരേ ഒളിയമ്പുമായി സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിനു പിന്നാലെ സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്. പിണറായിയെ ഞങ്ങള്‍ വിളിക്കുന്നത് സഖാവെന്നാണെന്നും കമ്മ്യൂണിസ്റ്റുകാര്‍ ക്യാപ്റ്റന്‍ എന്നു വിളിക്കാറില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
പിണറായിയെ പുകഴ്ത്തുന്നതിനെ ചൊല്ലി സിപിഎമ്മില്‍ വീണ്ടും വ്യക്തിപൂജാ വിവാദം ഉയര്‍ന്നതോടെയാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. ആളുകള്‍ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിക്കുന്നത് ഇഷ്ടം കൊണ്ടാണെന്ന് പിണറായി പറഞ്ഞതിനു പിന്നാലെയാണ് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ പാര്‍ട്ടിയാണ് ക്യാപ്റ്റന്‍ എന്ന കോടിയേരിയുടെ പരാമര്‍ശത്തെ അനുകൂലിച്ച് ഫേസ് ബുക്കിലൂടെ പോസ്റ്റിട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നുമായിരുന്നു പി ജയരാജന്റെ പരാമര്‍ശം. അതേസമയം, ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കുമെന്നും ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കുമെന്നും ചിലര്‍ ഫോട്ടോ വച്ച് ഇഷ്ടം പ്രകടിപ്പിക്കും ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കുമെന്നും പി ജയരാജന്‍ എഴുതിയത് മുമ്പ് ജയരാജനെ പുകഴ്ത്തിയുള്ള പാട്ടിന്റെ പേരില്‍ സംസ്ഥാന കമ്മിറ്റിയുടെ ശാസനയ്‌ക്കെതിരേയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
പി ജയരാജനെ പിന്തുണയ്ക്കു പി ജെ ആര്‍മിയുടെ പേരില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ രംഗത്തെത്തുകയും അദ്ദേഹത്തിനെതിരേ നടപടിയെടുത്തതും പിന്നീടങ്ങോട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. 'കണ്ണൂരിലെ ചെന്താരകം' എന്ന പാട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് വ്യക്തിപൂജ വിവാദമുയര്‍ത്തി പി ജയരാജനെതിരേ നടപടിയെടുത്തത്.
Communists do not call captain: Kanam Rajendran