കൊച്ചി: മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ ഒരു ഹർത്താലിന്റെ നഷ്ടക്കണക്കുകൾ തിരിച്ചുപിടിക്കാനെന്നപേരിൽ മുമ്പെങ്ങും കേട്ടു കേൾവിയില്ലാത്ത വിധം വ്യാപകമായ ജപ്തി നടപടികൾ സ്വീകരിക്കുന്നത് അത്യന്തം നീതിരഹിതമായ നടപടിയാണെന്ന് അൽ കൗസർ ഉലമാ കൗൺസിൽ ആരോപിച്ചു.
കോടതിയും സർക്കാരും ഇതിൽ പക്ഷപാത സമീപനമാണ് പുലർത്തുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. പ്രബല രാഷ്ട്രീയ പാർട്ടികളും തീവ്ര വർഗ്ഗീയ സംഘടനകളും അവരുടെ സ്ഥാപിത താല്പര്യ സംരക്ഷണത്തിനുവേണ്ടി മാത്രം ഹർത്താലിലൂടെ
കേരളത്തെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. പലപ്പോഴും അത് കേരളത്തെ സംഘർഷ ഭൂമിയാക്കിയിട്ടുണ്ട്. ശതകോടികളുടെ നഷ്ടങ്ങളാണ് ഖജനാവിന്
അതുമൂലം ഉണ്ടായത്. കേസ് നാടകങ്ങൾക്കുപരി സമ്പത്ത് കണ്ടു കെട്ടൽ
അന്നൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊതുമുതൽ നശിപ്പിക്കൽ കുറ്റകരമാണെങ്കിൽ അതിന്റെ ശിക്ഷാനടപടികളിലും
നീതി പുലരണം. കടുത്ത നടപടികൾ ഒരു വിഭാഗത്തിനെതിരെ മാത്രം സ്വീകരിക്കുന്നതും, ബാക്കിയുള്ളവർക്ക് സ്വൈര്യവിഹാരം അനുവദിക്കുന്നതും കടുത്ത വിവേചനമാണ്. ഹർത്താലിൽ പങ്കെടുക്കാത്തവരുടെ
വീടുകൾ പോലും ജപ്തി ചെയ്യപ്പെടുന്നത് കോടതി വിധിയെ പോലും മറികടക്കലാണ്.
ആരുടെ താല്പര്യം സംരക്ഷിക്കുവാൻ വേണ്ടിയാണ് സർക്കാർ ധൃതിപ്പെട്ട ഈ സാഹസത്തിനു മുതിരുന്നതെന്ന് വ്യക്തമാക്കണം.
ഫാഷിസം അഴിഞ്ഞാടുന്ന മറ്റു സംസ്ഥാനങ്ങളിലേതു പോലെ അപരവൽക്കരണത്തിന്റെ ഭീകരമായ ലക്ഷണങ്ങളാണ് ജപ്തി നടപടികളിൽ മറനീക്കി പുറത്തുവരുന്നത്. പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ഇത് അപകടകരമായ ധ്രുവീകരണങ്ങൾക്ക് വഴിയൊരുക്കും. നീതിരഹിതവും ഏകപക്ഷീയവുമായ വിധികൾ കോടതികൾ പുന: പരിശോധിക്കണമെന്നും വിവേചന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും
അൽ കൗസർ ഉലമാ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.