ഹിജാബിനെ പിന്തുണച്ച ദലിത് വിദ്യാര്‍ഥികളെ തടഞ്ഞ് എബിവിപി; കോളജില്‍ സംഘര്‍ഷം (വീഡിയോ)

Update: 2022-02-07 11:03 GMT

മംഗളൂരു: ഹിജാബ് ധരിക്കാനുള്ള അവകാശത്തായി പോരാടുന്ന മുസ് ലിം വിദ്യാര്‍ഥികളെ പിന്തുണച്ചെത്തിയ ദലിത് വിദ്യാര്‍ഥികളെ തടഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍. മുസ് ലിം വിദ്യാര്‍ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയ് ഭീം മുദ്രാവാക്യമുയര്‍ത്തി എത്തിയ ദലിത് വിദ്യാര്‍ഥികളേയാണ് എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞത്.

ചിക്മംഗ്ലൂര്‍ ഐഡിഎസ്ജി കോളജിലെ വിദ്യാര്‍ഥികളാണ് ഇന്ന് രാവിലെ നീല ഷാളണിഞ്ഞ ജയ് ഭീം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്. ഇതോടെ കാവി ഷാള്‍ അണിഞ്ഞ് സംഘടിച്ചെത്തിയ എബിവിപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി ദലിത് വിദ്യാര്‍ഥികളും ഉറച്ച് നിന്നു. ഇതോടെ, കോളജ് കാംപസില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കോളജ് അധികൃതരെത്തി ഇരുവിഭാഗം വിദ്യാര്‍ഥികളേയും പിരിച്ചുവിട്ടു.

ബജ്‌റംഗ്ദള്‍ ഭീഷണിക്കും നിര്‍ബന്ധത്തിനും വഴങ്ങി നിരവധി വിദ്യാര്‍ഥികള്‍ ഹിജാബിനെതിരേ കാവി ഷാള്‍ അണിഞ്ഞ് പ്രകടനം നടത്തുന്നതിനിടേയാണ് ഹിജാബിന് ഐക്യദാര്‍ഢ്വവുമായി ദളിത് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ഒരുമാസമായി കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തി നില്‍ക്കുകയാണ്. ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര വിദ്യാര്‍ഥി സംഘടനയിലെ പ്രവര്‍ത്തകര്‍ കോളജ് അധികൃതര്‍ക്ക് കത്ത് നല്‍കി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തു. ഇതോടെ ഉഡുപ്പിയിലെ ഗവ. കോളജില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തി. ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി. ഉഡുപ്പി ഗവ. കോളജില്‍ തുടങ്ങിയ ഹിന്ദുത്വ നീക്കം മറ്റു കോളജുകളിലേക്കും വ്യാപിച്ചു. ഇതോടെ ഉഡുപ്പിയിലെ മറ്റുകോളജുകളിലും ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തുകയും ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥിനികളെ ബലം പ്രയോഗിച്ച് കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

Tags:    

Similar News