ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ്. രാഹുലിനെതിരായ നീക്കം കോണ്‍ഗ്രസിനെ ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുമായി ബന്ധമുള്ള അദാനിയുടെ ഇടപാടില്‍ ജെപിസി അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുകയാണ് ചെയ്തതെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് ഓം ശാന്തി എന്നും ജയറാം രമേശ് വ്യക്തമാക്കി. സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയത്. ലോക്‌സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാര്‍ച്ച് 23) മുതല്‍ രാഹുല്‍ അയോഗ്യനാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അംഗത്വം റദ്ദാക്കിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇനി ലോക്‌സഭയില്‍ പ്രവേശിക്കാനോ നടപടികളില്‍ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ എട്ട് പ്രകാരവുമാണ് നടപടി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന പൊതുനാമമാണല്ലോയെന്ന പരാമര്‍ശമാണ് നിയമനടപടിയിലേക്ക് നീങ്ങിയത്. ഗുജറാത്തിലെ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരേ പരാതി നല്‍കിയത്. രാഹുല്‍ഗാന്ധി മോദി സമുദായത്തെയാകെ അപമാനിച്ചെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.