കോണ്‍ഗ്രസിന്റെ ഡിജിപി ഓഫിസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ഗ്രനേഡ് പ്രയോഗത്തില്‍ കെ സുധാകരന് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: പോലിസ്-സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ഡിജിപി ഓഫിസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ഗ്രനേഡ് പ്രയോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിക്കുന്നതിനിടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. നേതാക്കള്‍ സംസാരിച്ച സ്‌റ്റേജിന് പിന്നിലാണ് ടിയര്‍ ഗ്യാസുകള്‍ പൊട്ടി. പോലിസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പല നേതാക്കള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലിസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. സംഭവത്തിനു പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ വേദി വിട്ടെങ്കിലും കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് സംഘടിച്ചെത്തുകയും പോലിസിനെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളെത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. ഇതിനിടെ, നവകേരള സദസ്സുമായി ബന്ധപ്പെട്ട ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.