ഒരു എംഎല്‍എ കൂടി ബിജെപിയിലേക്ക്; പുതുച്ചേരിയിലും കോണ്‍ഗ്രസിനു ഭൂരിപക്ഷം നഷ്ടമായി

Update: 2021-02-16 09:21 GMT

പുതുച്ചേരി: ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചതോടെ കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി നിയമസഭയിലും കോണ്‍ഗ്രസിനു കേവല ഭൂരിപക്ഷം നഷ്ടമായി. കാമരാജ് നഗര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ ജോണ്‍കുമാര്‍ ആണ് രാജിവച്ചത്. മുഖ്യമന്ത്രി നാരായണസ്വാമിയുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ആകെ 33 എംഎല്‍എമാരുള്ള പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. കേവല ഭൂരിപക്ഷം നഷ്ടമായതോടെ മുഖ്യമന്ത്രി വി നാരായണ സ്വാമി മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

    ആരോഗ്യമന്ത്രി മല്ലവി കൃഷ്ണറാവു ഉള്‍പ്പടെ നാല് എംഎല്‍എമാര്‍ നേരത്തേ നാരായണസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രാജിവച്ചിരുന്നു. 10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ഡിഎംകെ എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് ഇപ്പോള്‍ നാരായണസ്വാമിയെ പിന്തുണയ്ക്കുന്നത്. പ്രതിപക്ഷമായ എന്‍ആര്‍ കോണ്‍ഗ്രസ്-എഡിഎംകെ സഖ്യത്തില്‍ 14 എംഎല്‍എമാരുണ്ട്. ഭരണപക്ഷത്തിനു പ്രതിപക്ഷത്തിനും ഇപ്പോള്‍ 14 വീതം സീറ്റുകളായതോടെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് എന്‍ ആര്‍ കോണ്‍ഗ്രസ് അദ്യക്ഷന്‍ എന്‍ ആര്‍ രംഗസ്വാമി അറിയിച്ചു.

    തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തന്നെ നാരായണസ്വാമിയുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ ഭിന്നതയിലായിരുന്നു. സീറ്റ് വിഭജനത്തില്‍ പരിഗണന ലഭിച്ചില്ലെന്നായിരുന്നു ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ചരടുവലി നടത്തിയ നമശിവായമാണ് സര്‍ക്കാരിനെതിരായ വിമത നീക്കത്തിനു പിന്നില്‍.

Congress Government In Puducherry Slips Into Minority Ahead Of Polls

Tags:    

Similar News