മകന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്കെന്ന് സൂചന
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ശക്തനായ മറാത്ത നേതാവായ രാധാകൃഷ്ണ വിഖെ പാര്‍ട്ടിവിട്ടത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന
മുംബൈ: മകന്‍ ബിജെപിയില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കിടെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടു. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ശക്തനായ മറാത്ത നേതാവായ രാധാകൃഷ്ണ വിഖെ പാര്‍ട്ടിവിട്ടത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന. ഷിര്‍ദി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് വിഖെ. പാര്‍ട്ടി നേതൃത്വത്തിന് വിഖെ രാജി കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രാധാകൃഷ്ണ വിഖെയുടെ മകന്‍ സുജയ് വിഖെ പാട്ടീല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു സുജയ് പാട്ടിവിട്ടത്. ഇവിടെനിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനാകുമെന്നായിരുന്നു സുജയുടെ പ്രതീക്ഷ. മകന്‍ പാര്‍ട്ടിവിടാന്‍ തീരുമാനിച്ചതിനു പിന്നില്‍ എന്‍സിപി നേതാവ് ശരത് പവാറാണെന്ന് രാധാകൃഷ്ണ വിഖെ ആരോപിച്ചിരുന്നു.
കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ ലക്ഷ്യമിട്ട് എന്‍സിപിയുമായി ചില സീറ്റുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അഹമ്മദ് നഗര്‍ എന്‍സിപിയുടെ കൈവശമെത്തിയത്. അതേസമയം സുജയിനെ അഹമ്മദ് നഗറില്‍ മത്സരിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. സുജയ് ബിജെപിയില്‍ ചേര്‍ന്നതോടെ രാധാകൃഷ്ണ വിഖെ പാര്‍ട്ടിവിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു.