കനയ്യയ്ക്ക് സുപ്രധാന പദവി; രാഹുൽ ഗാന്ധിക്ക് സമ്മതം? നീക്കവുമായി കോൺഗ്രസ്
കനയ്യ കുമാറിന് നിർണായക പദവികൾ നൽകുന്നതിൽ സഖ്യകക്ഷികൾക്കും എതിർപ്പുണ്ട്. ആർജെഡിയുടെ ഭാഗത്ത് നിന്നാണ് ശക്തമായ എതിർപ്പുള്ളത്.
പട്ന: ബിഹാർ പിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് സിപിഐ വിട്ട് കോൺഗ്രസിലെത്തിയ കനയ്യ കുമാറിനെ പരിഗണിക്കുന്നതായി റിപോർട്ട്. മദൻ മോഹൻ ഝാ രാജിവച്ച സാഹചര്യത്തിലാണ് യുവനേതാവിന് സുപ്രധാന പദവി നൽകാൻ കോൺഗ്രസ് നേതൃത്വം ആലോചന നടത്തുന്നത്.
കനയ്യ കുമാറിന് നിർണായ പദവി നൽകുന്നതിൽ ബിഹാറിൻ്റെ ചുമതലയുള്ള ഭക്ത ചരൺ ദാസ് സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ചർച്ചകൾ ആരംഭിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കനയ്യയെ എത്തിക്കുന്നതിനോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അനുകൂല നിലപാടാണുള്ളത്. കഴിഞ്ഞ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദയനീയ പ്രകടനമാണ് നടത്തിയത്. ഈ സാഹചര്യം മറികടക്കാൻ കനയ്യ കുമാറിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മദൻ മോഹൻ ഝാ ബിഹാർ പിസിസി സ്ഥാനം രാജിവച്ചത്. ഈ സ്ഥാനത്തേക്ക് മുസ് ലിം സമുദായത്തിൽ നിന്നുള്ള വ്യക്തിയെയോ, ദലിത് വിഭാഗത്തിലെ പ്രതിതിനിധിയെയൊ അല്ലെങ്കിൽ ഭൂമിഹാർ വിഭാഗത്തിൽപ്പെട്ട നേതാവിനെയോ ആണ് കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. പ്രബലമായ ഭൂമിഹാർ സമുദായത്തിൻ്റെ പിന്തുണയാർജിക്കാനും സമുദായത്തിൻ്റെ പിന്തുണയാർജിക്കാനും സമുദായംഗമായ കനയ്യയ്ക്ക് സാധിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
അതേസമയം, സിപിഐ ബന്ധം ഉപേക്ഷിച്ച് എത്തിയ കനയ്യയെ ബിഹാറിലെ കോൺഗ്രസ് നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. മുതിർന്ന നേതാക്കളായ മീരാ കുമാർ, താരിഖ് അൻവർ, രഞ്ജീത് രഞ്ജൻ തുടങ്ങിയവർക്കാണ് സംസ്ഥാന നേതൃത്വത്തിൽ കനയ്യയേക്കാൾ പിന്തുണയുള്ളത്. കനയ്യ കുമാറിന് നിർണായക പദവികൾ നൽകുന്നതിൽ സഖ്യകക്ഷികൾക്കും എതിർപ്പുണ്ട്. ആർജെഡിയുടെ ഭാഗത്ത് നിന്നാണ് ശക്തമായ എതിർപ്പുള്ളത്.