വിശ്രമമില്ല; ഭാരത് ജോഡോ യാത്ര കഴിഞ്ഞാല്‍ ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെ മറ്റൊരു യാത്ര
പടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര നടത്തുക. അടുത്ത വർഷം ആദ്യമായിരിക്കും യാത്ര.
കൊല്ലം: ഭാരത് ജോഡോ യാത്രക്ക് പുറമെ അടുത്ത യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം മുതൽ കിഴക്കേയറ്റം വരെയാണ് പദയാത്ര നടത്തുക. അടുത്ത വർഷം ആദ്യം യാത്ര തുടങ്ങുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര നടത്തുക. അടുത്ത വർഷം ആദ്യമായിരിക്കും യാത്ര.
എഐസിസി കമ്മ്യൂണിക്കേഷൻ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശാണ് യാത്രയെക്കുറിച്ച് സൂചന നല്‍കിയത്. ഈ യാത്രയുടെ വിജയത്തോടെ അടുത്ത വർഷം മറ്റൊരു യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെന്നും 2023 ൽ ഗുജറാത്തിലെ പോർബന്തറിൽ നിന്ന് അരുണാചൽ പ്രദേശിലെ പരശുറാം കുണ്ഡിലേക്ക് യാത്ര നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും രമേശ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 3,570 കിലോമീറ്റർ ദൈർഘ്യമുള്ള കാൽനട ജാഥ 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട് 150 ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 117 പാർട്ടി നേതാക്കൾക്കൊപ്പമാണ് യാത്ര.