ബാർ വിവാദം മുറുകുന്നു; സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ്
സ്മൃതി ഇറാനി മുമ്പ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടത്.
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിക്കെതിരായ അനധികൃത ബാർ ഹോട്ടല്‍ ആരോപണത്തില്‍ വിവാദം മുറുകുന്നു. സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഇത് തള്ളിയ സ്മൃതി ഇറാനി, ആരോപണം ഉന്നയിച്ച നേതാക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് തിരിച്ചടിച്ചത്. ഇതോടെ കേന്ദ്ര മന്ത്രിയുടെ തന്നെ തന്നെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും പുറത്ത് വിട്ട് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
സ്മൃതി ഇറാനി മുമ്പ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്ബ്ലോഗ്ഗർ ഹോട്ടലില്‍ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെളിവുകൾ പുറത്ത് വന്നിട്ടും സ്മൃതി ഇറാനി നുണ പറയുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ്, സ്മൃതി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും ആവർത്തിക്കുന്നു.
കഴിഞ്ഞ ദിവസം ബാർ ഹോട്ടലിന് അധികൃതർ നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് ഗോവയിലെ സില്ലി സോള്‍സ് ഗോവ ഹോട്ടലിന്റെ ഉടമസ്ഥത സംബന്ധിച്ച് ആരോപണം ഉയര്‍ന്നത്. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയതാണെന്നാണ് ആരോപണം. നോട്ടിസ് നല്‍കിയ ഉദ്യോഗസ്ഥനെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മാറ്റിയതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.