ബലാല്‍സംഗക്കേസ്: എന്‍എസ്‌യുഐ നേതാവ് അറസ്റ്റില്‍

Update: 2022-11-19 06:14 GMT

റായ്പൂര്‍: കാറിനുള്ളില്‍ വച്ച് യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്‌യുഐ) നേതാവിനെ ഛത്തീസ്ഗഢ് പോലിസ് അറസ്റ്റ് ചെയ്തു. കങ്കേര്‍ ജില്ലയിലെ എന്‍എസ്‌യുഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റുഹാബ് മേമന്‍ (23) ആണ് പിടിയിലായത്. സുഹൃത്തായ യുവതിക്കൊപ്പം വ്യാഴാഴ്ച വ്യാസ്‌കോംഗെര വനമേഖലയിലെത്തിയ മേമന്‍, ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. കുതറിയോടിയ യുവതി സഹായത്തിനായി സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ മേമന്‍ യുവതിയെ കാറിനുള്ളില്‍ വച്ച് ബലാല്‍സംഗത്തിനിരയാക്കി.

യുവതിയുടെ നിലവിളി ഫോണില്‍ കൂടി കേട്ട സുഹൃത്ത് നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലിസ് യുവതിയെ രക്ഷപ്പെടുത്തുകയും മേമനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഭാനുപ്രതാപ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് സംഘത്തിലെ അംഗമാണ് മേമന്‍. അതേസമയം, സംഭവത്തിന് ഒരുദിവസം മുമ്പ് നവംബര്‍ 15ന് അച്ചടക്കലംഘനത്തിന്റെ പേരില്‍ മേമനെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതാണെന്നും പുറത്താക്കിയ ഉടന്‍ ഇത്തരമൊരു കേസ് വന്നത് യാദൃശ്ചികമാണെന്നും എന്‍എസ്‌യുഐ അറിയിച്ചു. ഐപിസി 376, 323, 506 വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലിസ് അറിയിച്ചു.

സംഭവത്തെ അപലപിച്ച് ഛത്തീസ്ഗഡ് സംസ്ഥാന ബിജെപി പ്രസിഡന്റ് അരുണ്‍ സാവോ രംഗത്തുവന്നു. ഗുരുതരമായ ബലാത്സംഗ കേസില്‍ എന്‍എസ്‌യുഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റിലാവുന്നത് ഛത്തീസ്ഗഡിലെ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയരുന്നത് എന്തുകൊണ്ടാണെന്ന് കാണിക്കുന്നു. ഭരണകക്ഷിയുടെ പ്രതിനിധികള്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ഗ്രാഫ് തീര്‍ച്ചയായും ഉയരും. വരാനിരിക്കുന്ന ഭാനുപ്രതാപൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ അധിക ചുമതല വഹിക്കുന്ന എന്‍എസ്‌യുഐയുടെ മുതിര്‍ന്ന നേതാവ് ഇത്തരമൊരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പെണ്‍മക്കളുടെ സുരക്ഷയെ ഓര്‍ത്ത് തനിക്ക് ആശങ്കയുണ്ട്. ഈ സംസ്ഥാനത്ത് പെണ്‍മക്കളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിക്കുന്നത് തനിക്ക് വേദനയും ആശങ്കയുണ്ടാക്കുന്നുവെന്ന് ബിജെപി പ്രതികരിച്ചു.

Tags:    

Similar News