വിവാദ പരസ്യം പിന്‍വലിച്ചില്ല; കെ സുധാകരനെതിരേ പോലിസ് കേസെടുത്തു

Update: 2019-04-22 16:17 GMT

കണ്ണൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശമുള്ള വീഡിയോ പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെതിരേ പോലിസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വീഡിയോയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശമുണ്ടെന്നു കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് താക്കീത് നല്‍കിയ കമ്മീഷന്‍ പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, വീഡിയോ പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണു പോലിസ് പറയുന്നത്. 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ വീഡിയോ കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിലെ പരാമര്‍ശം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയെ ഉദ്ദേശിച്ചുള്ളതാണെന്നും സ്ത്രീവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണു തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നത്. പരസ്യത്തിലെ പ്രയോഗം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചിരുന്നുവെന്നും കമ്മീഷന്‍ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. നേരത്തേ സംസ്ഥാന വനിതാ കമ്മീഷനും കേസെടുത്തിരുന്നു.






Tags:    

Similar News