പത്തനംതിട്ട നഗര മധ്യത്തിലെ മാലിന്യ പ്ലാന്റിന് കോടതിയുടെ സ്‌റ്റേ
ദിനംപ്രതി ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കണക്കുകൂട്ടിയതിനു ശേഷം മാത്രമേ സ്ഥാപിക്കുന്ന പ്ലാന്റിന്റെ പ്രാപ്തി നിശ്ചയിക്കുവാന്‍ കഴിയൂ എന്നിരിക്കെ ഇക്കാര്യത്തില്‍ ആധികാരികമായ രേഖകളോ കണക്കുകളോ നഗരസഭയുടെ പക്കല്‍ ഇല്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചു.
പത്തനംതിട്ട: നഗര മധ്യത്തില്‍ സ്വകാര്യ ബസ്സ് സ്റ്റാന്റിനോട് ചേര്‍ന്ന് മാലിന്യ പ്ലാന്റ് നിര്‍മിക്കാനുള്ള നഗരസഭയുടെ തീരുമാനം പത്തനംതിട്ട മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്തു. എസ്.ഡി.പി.ഐ പത്തനംതിട്ട ടൗണ്‍ ബ്രാഞ്ച് വൈസ് പ്രസിഡന്റ് എസ് രാജു, പമ്മം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് റിയാസ് എന്നിവര്‍ അഡ്വ. മുഹമ്മദ് അന്‍സാരി മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.
മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനു മുന്‍പ് ആരോഗ്യ, പരിസ്ഥിതി പഠനങ്ങള്‍ നടത്തണമെന്ന് മുനിസിപ്പല്‍ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പത്തനംതിട്ട നഗരസഭ ഇത് പാലിച്ചിട്ടില്ല. ദിനംപ്രതി ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കണക്കുകൂട്ടിയതിനു ശേഷം മാത്രമേ സ്ഥാപിക്കുന്ന പ്ലാന്റിന്റെ പ്രാപ്തി നിശ്ചയിക്കുവാന്‍ കഴിയൂ എന്നിരിക്കെ ഇക്കാര്യത്തില്‍ ആധികാരികമായ രേഖകളോ കണക്കുകളോ നഗരസഭയുടെ പക്കല്‍ ഇല്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചു.
മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ നിശ്ചയിച്ച സ്ഥലത്തിന്റെ അതിരിലൂടെയാണ് നഗരത്തിലെ പ്രധാന നീരൊഴുക്കായ കണ്ണംകര തോട് ഒഴുകുന്നത്. കുറച്ച് അപ്പുറത്ത് വച്ചാണ് ഇത് അച്ചന്‍കോവിലാറില്‍ ചേരുന്നത്. പ്ലാന്റില്‍നിന്നും മാലിന്യം ഈ തോടുവഴി നദിയില്‍ എത്തിച്ചേരുവാനുള്ള സാധ്യത ഏറെയാണ്. നഗരസഭ ഇക്കാര്യം തീര്‍ത്തും അവഗണിച്ചതായി ഹരജിയില്‍ ആരോപിച്ചു.ഒരേ സമയം 1000ലധികം ആളുകള്‍ ബസ് സ്റ്റാന്റ് ഉപയോഗിക്കുന്നുണ്ട്. ഇവരുടെ ആരോഗ്യമോ ബുദ്ധിമുട്ടുകളോ നഗരസഭ പരിഗണിച്ചില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. ഹരജിക്കാര്‍ക്കായി അഡ്വ. മുഹമ്മദ് അന്‍സാരി ഹാജരായി.
ജനസാന്ദ്രതയേറിയ സ്ഥലത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എസ്ഡിപിഐ പത്തനംതിട്ട മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ നിര്‍മാണ പ്രവര്‍ത്തനം തടയുകയായിരുന്നു. നഗരസഭയുടെ കൈവശമുള്ളതെന്ന് അവകാശപ്പെടുന്ന 20 സെന്റ് ഭൂമിയിലാണ് പ്ലാന്റ് നിര്‍മാണത്തിന് നീക്കം നടത്തുന്നത്.