വയനാട് വാളാട്ട് 39 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാവിലെ നടന്ന പരിശോധനയില്‍ 22 പേര്‍ക്കും ഉച്ചക്കു ശേഷം 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു
പിസി അബ്ദുല്ല
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പുറമെ തവിഞ്ഞാലില്‍ 39 പോസിറ്റീവ് ഫലം കൂടി. വാളാട്ട് ഇന്നു രാവിലെയും വെെകിട്ടുമായി 200 ലേറെ പേര്‍ക്ക് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് 39 പേരില്‍ കൂടി രോഗം കണ്ടെത്തിയത്.
രാവിലെ നടന്ന പരിശോധനയില്‍ 22 പേര്‍ക്കും ഉച്ചക്കു ശേഷം 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 19 ന് ഒരു മരണ വീട്ടിലും തൊട്ടടുത്ത ദിവസം കല്യാണ വീട്ടിലും സംബന്ധിച്ചവരിലാണ് രോഗ ബാധ. വാളാട് ഗ്രാമത്തില്‍ മാത്രം ഒരാഴ്ചക്കിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 88 ആയി ഉയര്‍ന്നു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച ആളുടെ വീട്ടില്‍ സംബന്ധിച്ചവര്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.
മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടയാളുടെ വീട്ടിലും ഖബര്‍സ്ഥാനിലും നിരവധി പേര്‍ മരണ വീട്ടില്‍ എത്തിയിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചയാളുടെ ബന്ധുക്കളും കോവിഡ് സ്ഥിരീകരിച്ചവരിലുള്‍പ്പെടും. കഴിഞ്ഞ ഒരാഴ്ചക്കിടെ വാളാട് നിന്നുള്ളവര്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയത് വലിയ ആശങ്കയായിട്ടുണ്ട്.
വയനാട് ജില്ലയില്‍ ഒരു ദിവസം രോഗികളുടെ എണ്ണം ഇത്രയേറെ പെരുകുന്നത് ഇതാദ്യമാണ്. ജില്ലാ ഭരണകൂടം കടുത്ത ജാഗ്രതയിലാണ്. രണ്ടാഴ്ച മുമ്പ് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ധിച്ച തൊണ്ടര്‍നാട് പഞ്ചായത്തില്‍ സ്ഥിതി നിയന്തണ വിധേയമാണ്.