കൊവിഡ് രോഗികളില്‍ വര്‍ധന; താല്‍ക്കാലിക ആശുപത്രികള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

Update: 2022-01-01 19:35 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. താല്‍ക്കാലിക ആശുപത്രികള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. അപകടകാരിയായ ഒമിക്രോണ്‍ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

താല്‍ക്കാലിക ആശുപത്രികളും സേവനസജ്ജരായ പ്രത്യേക സംഘങ്ങളും തയ്യാറായിരിക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി ഹോട്ടല്‍ മുറികളും മറ്റും മാറ്റിവയ്ക്കണം. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വീടുകളിലെ നിരീക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കണം. ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. കൃത്യമായ ആംബുലന്‍സ് സേവനം ഉറപ്പുവരുത്തണം. ഗ്രാമീണ മേഖലയ്ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും കേന്ദ്രം ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

ഡെല്‍റ്റ വകഭേദം സൃഷ്ടിച്ച കൊവിഡ് രണ്ടാം തരംഗസമയത്ത് ചികില്‍സ കിട്ടാതെ നിരവധി പേര്‍ മരണത്തിന് കീഴടങ്ങുന്ന സാഹചര്യം ഇന്ത്യയിലുമുണ്ടായിരുന്നു. തലസ്ഥാനമായ ഡല്‍ഹിയില്‍നിന്ന് ഇത്തരത്തിലുള്ള റിപോര്‍ട്ടുകള്‍ ദൃശ്യങ്ങള്‍ സഹിതം അന്ന് നിത്യേന പുറത്തുവന്നിരുന്നു. ആവശ്യത്തിന് ആശുപത്രി കിടക്കകള്‍ ഇല്ലാതിരുന്നതും ഐസിയു കിടക്കകള്‍ ഇല്ലാതിരുന്നതും ഓക്‌സിജന്‍ ലഭ്യമല്ലാതിരുന്നതുമെല്ലാം കനത്ത തിരിച്ചടിയാണ് അന്ന് നല്‍കിയത്. ഇനിയും ഒരു തരംഗം കൂടിയുണ്ടായാല്‍ ആരോഗ്യമേഖല ഇത്തരത്തില്‍ തകര്‍ച്ചയിലേക്ക് നീങ്ങാതിരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍.

Tags:    

Similar News