കൊവിഡ് വ്യാപനം: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കളിസ്ഥലങ്ങള്‍, ജിംനേഷ്യം, ടര്‍ഫ്, നീന്തല്‍ക്കുളങ്ങള്‍, സിനിമാ ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മെഡിക്കല്‍ അടിയന്തിര സാഹചര്യങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ഒഴികെ ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്നും അകത്തേക്ക് പ്രവേശിക്കുന്നില്ലെന്നും ഉറപ്പുവരുത്തും.
കോഴിക്കോട്: കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോര്‍പറേഷന്‍ പരിധിയില്‍ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍. നഗര പരിധിയില്‍ സമ്പര്‍ക്ക രോഗവ്യാപനം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, ഹാര്‍ബറുകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം നിയന്ത്രിക്കും. ആളുകളുടെ പ്രവേശനം സാമൂഹിക അകലം പാലിച്ചായിരിക്കണം. ആറ് അടി അകലം നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
മാര്‍ക്കറ്റുകള്‍ പോലുള്ള തിരക്കേറിയ എല്ലാ സ്ഥലങ്ങളിലും പോലിസ് കര്‍ശനമായ നിരീക്ഷണം ഉറപ്പാക്കും. ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണ ചുമതല മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായിരിക്കും. ജനക്കൂട്ടം കൂടുതല്‍ ഉള്ള ഇത്തരം പ്രദേശങ്ങളില്‍ ക്യുക്ക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മേല്‍നോട്ട ചുമതല ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ക്കായിരിക്കും. ജോലിസ്ഥലങ്ങളില്‍ മാസ്‌കുകള്‍, സാനിറ്റൈസര്‍ എന്നിവ തൊഴിലുടമകള്‍ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തും.
വിവാഹത്തിന് 50 പേര്‍ക്കും മരണ ചടങ്ങുകളില്‍ 20 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് പാലിക്കുന്നുവെന്ന് പോലിസ് ഉറപ്പാക്കും. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവൂ. ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ആറ് അടി സാമൂഹിക അകലം പാലിക്കുകയും വേണം. പൊതു കൂടിച്ചേരലുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. സാമൂഹികം, രാഷ്ട്രീയം, കായികം, വിനോദം, സാംസ്‌കാരികം, മതപരം തുടങ്ങിയ ഒത്തുചേരലുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കളിസ്ഥലങ്ങള്‍, ജിംനേഷ്യം, ടര്‍ഫ്, നീന്തല്‍ക്കുളങ്ങള്‍, സിനിമാ ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മെഡിക്കല്‍ അടിയന്തിര സാഹചര്യങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ഒഴികെ ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്നും അകത്തേക്ക് പ്രവേശിക്കുന്നില്ലെന്നും ഉറപ്പുവരുത്തും.
4671 കൊവിഡ് രോഗികളാണ് നിലവില്‍ ജില്ലയില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 6375 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ 6086 പേര്‍ക്കും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലയില്‍ രോഗികള്‍ കൂടുതലുള്ള മൂന്ന് പ്രധാന ക്ലസ്റ്ററുകളില്‍ രണ്ടെണ്ണം കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലാണ്. ജില്ലയിലെ ഒമ്പത് ക്രിറ്റിക്കല്‍ കണ്ടയിന്‍മെന്റ് മേഖലകളില്‍ അഞ്ചെണ്ണവും കോര്‍പറേഷന്‍ പരിധിയിലാണ്. ജില്ലയില്‍ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായിരുന്നത് ഈ മാസം അവസാന വാരത്തിലെത്തുമ്പോള്‍ 10 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ആകെയുള്ള രോഗികളില്‍ 46.5 ശതമാനവും കഴിഞ്ഞ 14 ദിവസത്തിനിടയില്‍ റിപോര്‍ട്ട് ചെയ്തവയാണ്.
Covid Expansion: More restrictions in Kozhikode Corporation