ലോകായുക്ത നിയമഭേദഗതിയിൽ സിപിഎം-സിപിഐ ധാരണയായി; ബിൽ ഇന്ന് സഭയിൽ
മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുന പരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ.
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിൽ സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയിലെത്തി. ഇന്ന് ബിൽ നിയമസഭയിൽ അവതരിപ്പിക്കും, അതേസമയം ബില്ലിനെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാളാവും സഭയിൽ അവതരിപ്പിക്കുക.
മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുന പരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുന പരിശോധിക്കാം. മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധനാ അധികാരം ഗവർണ്ണർക്ക് നൽകുന്ന നേരത്തെയുള്ള ഓർഡിനൻസിലെ വ്യവസ്ഥ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്.
മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിയും എംഎൽമാർക്കെതിരായ വിധി സ്പീക്കറും പരിശോധിക്കും. ഫലത്തിൽ ജുഡീഷ്യൽ സ്വഭാവമുള്ള ലോകായുക്ത വിധി സർക്കാർ തന്നെ പരിശോധിച്ച് തള്ളും. ലോകായുക്തയെ തൊടരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മുമായി പോരടിച്ച സിപിഐയും നിയമത്തിൽ വെള്ളം ചേർക്കാൻ സമ്മതിച്ചു. നിലവിലെ നിയമത്തിൽ അപ്പീൽ അവസരമില്ലെന്ന വാദമാണ് സിപിഐ ന്യായീകരണം.