'എല്ലാ വകുപ്പുകളുടെയും നിയന്ത്രണം കയ്യടക്കുന്നു': മുഖ്യമന്ത്രിയ്‌ക്കെതിരേ സിപിഐ എറണാകുളം ജില്ലാ സമ്മേളനം
സ്വന്തം വകുപ്പായ റവന്യൂ വകുപ്പിനെതിരേയും സിപിഐ റിപോർട്ടിൽ വിമർശനമുണ്ട്. റവന്യൂ ഓഫീസിൽ ചെന്നാൽ എല്ലാ കാര്യത്തിനും കാര്യതാമസം വരികയാണെന്ന് റിപോർട്ട് വിമർശിച്ചു.
എറണാകുളം: എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുന്നതായി എറണാകുളം സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപോർട്ട്. സിപിഎമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തുന്നുവെന്നും ഇത് മുന്നണി സംവിധാനത്തിന് ഗുണം ചെയ്യില്ലെന്നും സർക്കാർ തൊട്ടതെല്ലാം പിശകാക്കുന്നുവെന്നുമാണ് റിപോർട്ടിലെ പ്രധാന പരാമർശം.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ വി തോമസിന്റെ സാന്നിധ്യം എൽഡിഎഫിന് തിരിച്ചടിയായെന്നും പ്രവർത്തന റിപോർട്ടിൽ പറയുന്നു. സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്കെതിരെയാണ് ഏറ്റവും പ്രധാനമായി റിപോർട്ടിൽ വിമർശനമുള്ളത്. ജനങ്ങൾക്ക് കൃത്യമായ അവബോധം നൽകാതെ എടുത്ത് ചാടിയതിന്റെ എല്ലാ കുഴപ്പങ്ങളും പദ്ധതിക്കുണ്ടെന്നും അതാണ് ജനങ്ങളുടെ പൊതു എതിർപ്പിന് കാരണമായതെന്നും റിപോർട്ടിൽ കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രിയും സിപിഎമ്മും മന്ത്രിസഭയുടെ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുന്നുവെന്നും ഇതിനാൽ മറ്റ് മന്ത്രിമാർക്ക് റോളില്ലാത്ത അവസ്ഥയാണുള്ളതെന്നും റിപോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഒട്ടേറെ മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് നിരവധി പരാതികൾ ജനങ്ങൾക്കിടയിലുണ്ടെന്നും ഇത് മുന്നണി സംവിധാനത്തിന് ഒരിക്കലും യോജിക്കുന്ന രീതിയല്ലെന്നും എല്ലാ കക്ഷികളെയും ഒരുമിച്ച് കൊണ്ടുപോവേണ്ടതുണ്ടെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്വന്തം വകുപ്പായ റവന്യൂ വകുപ്പിനെതിരേയും സിപിഐ റിപോർട്ടിൽ വിമർശനമുണ്ട്. റവന്യൂ ഓഫീസിൽ ചെന്നാൽ എല്ലാ കാര്യത്തിനും കാര്യതാമസം വരികയാണെന്ന് റിപോർട്ട് വിമർശിച്ചു. റിപോർട്ടിന്മേലുള്ള ചർച്ച നാളെ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.