റവന്യൂ വകുപ്പ് പൂർണ പരാജയം; യുഎപിഎ നടപ്പിലാക്കുന്നു; രൂക്ഷവിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളനം

നമ്മുടെ ജില്ലയില്‍ അനേകര്‍ക്ക് പട്ടയങ്ങള്‍ ലഭ്യമാക്കി, എന്നാല്‍ ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പഠിച്ച് അവക്കെല്ലാം പരിഹാരം കാണുന്നതില്‍ റവന്യൂ വകുപ്പ് പരാജയമാണ്.

Update: 2022-08-27 16:19 GMT

തൊടുപുഴ: സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളന പ്രവർത്തന റിപോർട്ട്. ആഭ്യന്തര വകുപ്പിനെതിരേയും കടുത്ത വിമർശനമാണ് പ്രവർത്തന റിപോർട്ടിലുള്ളത്. എൽഡിഎഫ് നയങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നാണ് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി നിലപാട്.

നമ്മുടെ ജില്ലയില്‍ അനേകര്‍ക്ക് പട്ടയങ്ങള്‍ ലഭ്യമാക്കി, എന്നാല്‍ ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പഠിച്ച് അവക്കെല്ലാം പരിഹാരം കാണുന്നതില്‍ റവന്യൂ വകുപ്പ് പരാജയമാണ്. ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. പാട്ട കാലാവധി കഴിഞ്ഞതും അനധികൃതമായി ഉടമകള്‍ കൈവശം വച്ചിരിക്കുന്നതുമായ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ നടപ്പാക്കാന്‍ പാടില്ല എന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്. എന്നാല്‍ കേരളത്തിലെ പോലിസ് ഈ നിയമവും നടപ്പാക്കുകയാണ്. പോലിസിന്റെ പ്രവര്‍ത്തനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മേല്‍ കരിവാരി തേക്കുകയാണ്. പല മേഖലകളിലും അഴിമതി നടമാടുകയാണ്. ഓഫിസുകളിലെ താക്കോല്‍ സ്ഥാനത്ത് അഴിമതിക്കാര്‍ വാഴുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നടത്തുന്നു. തണ്ടര്‍ബോള്‍ട്ട് പോലുള്ള പ്രത്യേക പോലിസ് സംവിധാനം ഇതിനായി ഉപയോഗിക്കുന്നു. ജനകീയ മന്ത്രിക്ക് ചേരാത്ത വിധം പോലിസ് മന്ത്രിക്ക് സുരക്ഷയുടെ പേരില്‍ അകമ്പടി സൃഷ്ടിക്കുന്നുവെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ആ​ഗസ്ത് 28 ന് പൊതുചർച്ചയും സമാപന ദിവസമായ 29 ന് ജില്ലാ കൗൺസിൽ അംഗങ്ങളേയും തിരഞ്ഞെടുക്കും. മൂന്ന് ടേം പൂർത്തിയായതിനാൽ നിലവിലെ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ മാറാനാണ് സാധ്യത. മണ്ഡലം കമ്മിറ്റികളിൽ കെ ഇ ഇസ്മായിൽ പക്ഷത്തിന് മേൽക്കൈ ഉള്ള ജില്ലയാണ് ഇടുക്കി. കൺട്രോൾ കമ്മീഷനംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം കെ സലിം കുമാർ, എന്നിവർക്കാണ് അടുത്ത സെക്രട്ടറി സ്ഥാനത്തേക്കുള്ള സാധ്യത.

Similar News