കാനത്തിന് സിപിഎമ്മിനെ ഭയമോ?; കാനത്തെ വിചാരണ ചെയ്ത് സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനം
'സികെ ചന്ദ്രപ്പനും മറ്റും സെക്രട്ടറിയായിരുന്ന കാലമായിരുന്നു സിപിഐയുടെ വസന്തകാലം. അന്ന് സിപിഎമ്മിനെ സിപിഐക്ക് ഭയമുണ്ടായിരുന്നില്ല. തുറന്നു പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുന്ന സെക്രട്ടറിമാരായിരുന്നു സികെ ചന്ദ്രപ്പന്‍ അടക്കമുള്ളവര്‍.
തലശേരി: സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ കാനത്തെ കുറ്റവിചാരണ ചെയ്യുംപോലെ പ്രതിനിധി സമ്മേളന ചര്‍ച്ച. വല്യേട്ടനെന്നും നടിക്കുന്ന പാര്‍ട്ടിയുടെ ആക്രമണം നേരിടുമ്പോഴും മൗനിയാകുന്ന നേതൃത്വവും നേതാക്കളും ആരെയാണ് ഭയക്കുന്നതെന്ന് പ്രതിനിധികള്‍ ചോദിച്ചു.
സിപിഎമ്മിനെ വിമര്‍ശിക്കാന്‍ കാനത്തിന് ഭയമാണെന്നും ആനി രാജയെ എംഎം മണി അധിക്ഷേപിച്ചപ്പോള്‍ കാനം പ്രതികരിച്ചില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇതുവരെ നടന്ന പന്ത്രണ്ട് ജില്ലാ സമ്മേളനത്തിലും കാനം ഇതേ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.
സര്‍ക്കാര്‍ പരസ്യങ്ങളില്‍ പിണറായിയുടെ ചിത്രം മാത്രമാണുള്ളതെന്നും മുന്നണി ഭരണമാണെന്ന് സിപിഎം മറക്കുന്നുവെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന് വലിയ മേധാവിത്വമുള്ള കമ്മിറ്റിയായിരുന്നു കണ്ണൂര്‍ ജില്ലാ കമ്മിറ്റി. അതുകൊണ്ട് തന്നെ ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാര്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപോര്‍ട്ടില്‍ നേതൃത്വത്തിന് മേല്‍ അത്ര രൂക്ഷ വിമര്‍ശനമുണ്ടായിരുന്നില്ല. പക്ഷേ പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വലിയ വിമര്‍ശനമാണുന്നയിച്ചത്. കാനം രാജേന്ദ്രനെ വേദിയിലിരുത്തി കൊണ്ടു തന്നെയായിരുന്നു വിമര്‍ശനം.
'സികെ ചന്ദ്രപ്പനും മറ്റും സെക്രട്ടറിയായിരുന്ന കാലമായിരുന്നു സിപിഐയുടെ വസന്തകാലം. അന്ന് സിപിഎമ്മിനെ സിപിഐക്ക് ഭയമുണ്ടായിരുന്നില്ല. തുറന്നു പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുന്ന സെക്രട്ടറിമാരായിരുന്നു സികെ ചന്ദ്രപ്പന്‍ അടക്കമുള്ളവര്‍. ആദ്യ ഘട്ടത്തില്‍ ഈ പാത പിന്തുടര്‍ന്ന കാനം പക്ഷേ ഇതില്‍ നിന്ന് പിന്നോട്ട് പോയി. ഇതിനുദാഹരണമാണ് എംഎം മണി ആനി രാജയെ അധിക്ഷേപിച്ച സംഭവവും ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട സംഭവങ്ങളും' പ്രതിനിധികള്‍ വിമര്‍ശിച്ചു. എന്താണ് കാനത്തിന് സംഭവിച്ചതെന്നും ഭയമാണോ എന്നും പ്രതിനിധികള്‍ ചോദിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ താങ്കള്‍ പറഞ്ഞ ഗ്രൂപ്പിന് സ്വയം രൂപംകൊടുക്കരുത്. പാര്‍ട്ടിയില്‍ ഇന്നുവരെ കാണാത്ത വിഭാഗീയത പുറത്തുവന്നതിന്റെ കാരണം നേതൃത്വത്തിന്റെ അമിത വിധേയത്വമാണ്. കോണ്‍ഗ്രസും ബിജെപിയും പൊതുശത്രുവാണെങ്കിലും മുഖ്യശത്രു മുന്നണിയില്‍ തന്നെയാണ്. അണികളുടെ വികാരം നേതൃത്വം മനസിലാക്കിയില്ലെങ്കില്‍ ആ വഴിക്ക് കൊണ്ടുവരാന്‍ തങ്ങള്‍ക്കറിയാമെന്നും പ്രതിനിധികള്‍ പറഞ്ഞു.
കൃഷിമന്ത്രി പി പ്രസാദ് പരാജയമാണ്. അതിനുപുറമേ സിപിഐ മന്ത്രിമാരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയന്ത്രിക്കുന്നു. ഇത് തീര്‍ത്തും നീതീകരിക്കാന്‍ കഴിയാത്തകാര്യമാണ്. സഹകരണമേഖല കൈയ്യടക്കിയ സിപിഎമ്മില്‍ നിന്ന് ഇടതുകാഴ്ച്ചപ്പാടിന് നിരക്കാത്ത പ്രവണതകള്‍ ഉണ്ടാകുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.
എസ്എഫ്‌ഐ അടക്കമുള്ള സംഘടനകള്‍ക്കെതിരേയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. പലയിടത്തും രാഷ്ട്രീയ ശത്രുക്കളെപ്പോലെയാണ് എസ്എഫ്‌ഐ പെരുമാറുന്നതെന്നും പല ക്യാംപസുകളിലും വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിപ്പിക്കാന്‍ പോലും ഇവര്‍ സമ്മതിക്കുന്നില്ലെന്നും ബിജെപിയും കോണ്‍ഗ്രസുമൊക്കെയാണ് രാഷ്ട്രീയ ശക്തികള്‍ എന്ന് പറയുമ്പോഴും ഇവരെയൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.