കരുവന്നൂർ തട്ടിപ്പ്; സർക്കാരിന് വ്യക്തത വേണമെന്ന് സിപിഐ
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഒന്നും പ്രായോഗികമാകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു.
തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ വ്യക്തതവേണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ വയോധിക മരിച്ച സംഭവത്തിന് പിന്നാലെയാണ് വിഷയം കൈകാര്യം ചെയ്യുന്നതിലെ സിപിഎം നയത്തിനെതിരേ സിപിഐ രംഗത്തുവന്നിരിക്കുന്നത്.
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഒന്നും പ്രായോഗികമാകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു. ചികിൽസ, വിവാഹം, വിദ്യഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് പണത്തിനായി നിക്ഷേപകര്‍ അലയേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാന്‍ സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ ഉണ്ടാകണം എന്നും സിപിഐ ആവശ്യപ്പെട്ടു.
അതേസമയം ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാൽ ചികിൽസ തേടാനാകാതെ വയോധിക മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. കരുവന്നൂർ ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചികിൽസ കിട്ടാതെ വയോധിക മരണപ്പെട്ടത് ചർച്ചയായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കരുവന്നൂർ സ്വദേശി ഫിലോമിനയാണ് പണം ഇല്ലാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ മരിച്ചത്. കരുവന്നൂർ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമുള്ള ആളായിരുന്നു ഫിലോമിന. ചികിൽസാ ആവശ്യത്തിന് നിക്ഷേപത്തിലെ പണം തിരികെ ആവശ്യപ്പെട്ട് പലതവണ ബാങ്കിനെ സമീപിച്ചപ്പോഴും വളരെ മോശം ഇടപെടലാണ് ഉണ്ടായതെന്ന് ഫിലോമിനയുടെ ഭർത്താവ് ആരോപിച്ചിരുന്നു.