'സുബൈര്‍ വധത്തിന്റെ രണ്ട് ദിവസം മുമ്പ് സുരേന്ദ്രന്‍ പാലക്കാട്ട്; ബിജെപി ഉന്നതനേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം
പാലക്കാട്: പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെടുന്നതിന്റെ രണ്ട് ദിവസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാലക്കാട്ട് എത്തിയതായും കൊലപാതകത്തില്‍ ബിജെപി ഉന്നത നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും സിപിഎം. പാലക്കാട് ജില്ലയില്‍ കലാപം സൃഷ്ടിച്ച് അശാന്തി പടര്‍ത്താനാണ് ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തി അഞ്ചുമാസം തികയുന്ന ദിവസമാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ പിതാവിന്റെ മുന്നിലിട്ട് ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നത്. മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ സക്കീര്‍ഹുസൈനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായിരുന്നവര്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കൊല നടത്തിയതെന്ന് സംശയിക്കുന്നെന്നും സുരേഷ് ബാബു പറഞ്ഞു.
''ഒരു കാരണവശാലും ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ അനുവദിക്കില്ല എന്ന വാശിയിലാണ് ഇരു സംഘടനകളും. എസ്ഡിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസംമുമ്പാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പാലക്കാട്ട് എത്തിയത്.'' കൊലപാതകത്തില്‍ ബിജെപി ഉന്നതനേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
''നേരത്തേ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാറില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലയാളികള്‍ എത്തിയത് പ്രതികാരത്തിന്റെ സൂചനജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചാണ്. ഈ കൊലപാതകത്തിന്‌ശേഷം ശനിയാഴ്ച മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മേലാമുറിയിലെ ശ്രീനിവാസനും കൊല്ലപ്പെട്ടു. ഇതിനുപിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിക്കുന്നു. ഇതിന്റെ സത്യാവസ്ഥയും പോലിസ് അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ പോലിസീന് കഴിയണം'. സുരേഷ്ബാബു പറഞ്ഞു.
''കഴിഞ്ഞ രാമനവമി നാളില്‍ ഇന്ത്യയിലെമ്പാടും വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തിയ ആര്‍എസ്എസ് ശ്രമത്തിന്റെ മറ്റൊരു പതിപ്പാണ് പാലക്കാട്ടും വിഷുദിനത്തില്‍ കണ്ടത്. മലയാളികള്‍ ഐശ്വര്യത്തിന്റെയും സമാധനത്തിന്റെയും ആഘോഷമായി വിശ്വസിക്കുന്ന വിഷുദിനത്തില്‍തന്നെ പള്ളിക്ക് മുന്നില്‍വച്ച് കൊലപാതകം നടത്താന്‍ തെരഞ്ഞെടുത്തതും വര്‍ഗീയസംഘര്‍ഷം ലക്ഷ്യമിട്ടാണ്.'' നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസ്, എസ്ഡിപിഐ സംഘങ്ങള്‍ കൊലക്കത്തിയുമായി നീങ്ങുന്നത്. വ്യാജപ്രചാരണം നടത്തി പ്രകോപനത്തിനും ശ്രമിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റുധരിപ്പിക്കുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ അകപ്പെടരുത്. കലാപശ്രമത്തെ ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കും.'' എല്ലാ ഏരിയകളിലും വര്‍ഗീയ പാര്‍ട്ടികള്‍ ഒഴിച്ചുള്ളവയെ പങ്കെടുപ്പിച്ച് മതസൗഹാര്‍ദ പരേഡ് നടത്തുമെന്നും ഇ എന്‍ സുരേഷ്ബാബു പറഞ്ഞു.