ജില്ലാ സെക്രട്ടേറിയറ്റംഗത്തിനെതിരായ സിപിഎം നടപടി: ബ്രാഞ്ച് സമ്മേളനത്തിലേക്ക് പ്രതിഷേധപ്രകടനം

ജില്ലാ സെക്രട്ടേറിയറ്റംഗം ടി എം സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയ നടപടിയാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ മുടങ്ങുന്ന തരത്തിലേക്ക് പ്രതിഷേധം വളരുകയാണ്.

Update: 2021-10-10 01:15 GMT

എരമംഗലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. ജില്ലാ സെക്രട്ടേറിയറ്റംഗം ടി എം സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയ നടപടിയാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ മുടങ്ങുന്ന തരത്തിലേക്ക് പ്രതിഷേധം വളരുകയാണ്.

ശനിയാഴ്ച പുതുപൊന്നാനി നോര്‍ത്ത് ബ്രാഞ്ച് സമ്മേളനവേദിക്കരികിലേക്ക് ഒരുവിഭാഗം പാര്‍ട്ടി അനുഭാവികള്‍ പ്രകടനവുമായെത്തി. പാലക്കല്‍ ഹംസു, പുതുപറമ്പില്‍ അഷ്‌കര്‍, പി എം. ജിഫ്രി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സിപിഎം. പതാകയുമേന്തി പ്രകടനമെത്തിയത്. സമ്മേളനത്തിന് അഭിവാദ്യം വിളിച്ചെത്തിയ പ്രകടനക്കാര്‍, സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി എന്താണെന്നു വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഏറെനേരം മുദ്രാവാക്യം വിളികളുമായി സമ്മേളനവേദിക്കരികെ നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ പിന്നീട് നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് പിരിഞ്ഞുപോവാന്‍ തയ്യാറായത്.

വ്യാഴാഴ്ച നടത്താനിരുന്ന വെളിയങ്കോട് ലോക്കല്‍ കമ്മിറ്റിക്കുകീഴിലെ മാട്ടുമ്മല്‍ ബ്രാഞ്ച് സമ്മേളനം പ്രതിനിധികള്‍ എത്താത്തതിനാല്‍ നടത്താന്‍ ആയില്ല. ഉദ്ഘാടകനായ സിപിഎം പൊന്നാനി ഏരിയാകമ്മിറ്റിയംഗം രജീഷ് ഊപ്പാല സമ്മേളനസ്ഥലത്തെത്തിയെങ്കിലും പ്രതിനിധികള്‍ ഇല്ലാത്തതിനാല്‍ തിരിച്ചുപോയി. ബ്രാഞ്ച് സെക്രട്ടറി സി പി ബക്കര്‍ ഉള്‍പ്പെടെ 16 പേരായിരുന്നു സമ്മേളന പ്രതിനിധികള്‍. ഇവരിലാരും എത്തിയില്ല. എരമംഗലം ലോക്കല്‍കമ്മിറ്റിക്കു കീഴിലെ പഴഞ്ഞി ബ്രാഞ്ച് സമ്മേളനത്തില്‍നിന്ന് നാലു പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കപ്യാരത്ത് ജാബിര്‍, കെ ഹാരിസ്, പ്രബീഷ്, ഹാരിസ് എന്നിവരാണ് സമ്മേളനം ബഹിഷ്‌കരിച്ചത്.

ടി എം സിദ്ദീഖിനെതിരേ പാര്‍ട്ടി നടപടി അനീതിയാണെന്നും സാധാരണക്കാരായ പ്രവര്‍ത്തകരുടെ വികാരമുള്‍ക്കൊണ്ട് പാര്‍ട്ടി നടപടി പുനപ്പരിശോധിക്കണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി നിസ്സഹകരണം തുടരുമെന്നുമുള്ള കത്ത് എരമംഗലം ലോക്കല്‍ സെക്രട്ടറി സുനില്‍ കാരാട്ടേലിന് ഇറങ്ങിപ്പോവുന്നതിന് മുമ്പ് പ്രവര്‍ത്തകര്‍ കൈമാറിയിരുന്നു.


Tags:    

Similar News